വീടിന്റെ ചുമർ വീണ് നാലു കുട്ടികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
text_fieldsതളിപ്പറമ്പ്: വീട് പൊളിക്കുന്നതിനിടെ ചുമർ തകർന്നുവീണ് നാലു കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവട്ടൂർ അംഗൻവാടി റോഡിലെ മുസലിയാരകത്ത് അറഫാത്തിന്റെ മക്കളായ ആദിൽ, അസ്ഹദ്, ഭാര്യാ സഹോദരിയുടെ മക്കളായ ജസ ഫാത്തിമ, നൂറുൽ മെഹറിൻ എന്നിവർക്കാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സഫാഅദ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതര പരിക്കുള്ള ജസ ഫാത്തിമ (9), ആദിൽ (10) എന്നിവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് മുസലിയാരകത്ത് നബീസയുടെ ആൾത്താമസമില്ലാത്ത വീടിന്റെ ചുമർ തകർന്നത്. ഇവരുടെ മകളുടെ ഭർത്താവ് അറഫാത്തിന്റെ നേതൃത്വത്തിൽ പഴയ വീട് പൊളിക്കുന്നതിനിടെ, വിള്ളൽ വീണുകിടന്ന ചുമർ ഇതിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.
അപകടം നടന്ന വീടിനു സമീപം നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന അന്തർസംസ്ഥാന തൊഴിലാളികളാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. എം.വി. ഗോവിന്ദൻ എം.എൽ.എ, എം.വി. ജയരാജൻ, ടി.കെ. ഗോവിന്ദൻ എന്നിവർ ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.