ഇന്ന് നാല് ഹജ്ജ് വിമാനങ്ങൾ
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് ബുധനാഴ്ച കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയന്റുകളിൽനിന്നായി നാല് വിമാനങ്ങൾ സർവിസ് നടത്തും. കരിപ്പൂരിൽനിന്ന് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഓരോ വിമാനങ്ങളുമാണ് സർവിസ് നടത്തുക.
കരിപ്പൂരിൽനിന്ന് രാവിലെ 8.25ന് പുറപ്പെടുന്ന ഐ.എക്സ് 3021 വിമാനത്തിൽ 74 പുരുഷന്മാരും 71 സ്ത്രീകളും വൈകീട്ട് 6.35ന് പുറപ്പെടുന്ന ഐ.എക്സ് 3025 വിമാനത്തിൽ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ് പുറപ്പെടുക.
കണ്ണൂരിൽനിന്ന് ചൊവ്വാഴ്ച പുലർച്ച 1.50ന് പുറപ്പെട്ട ഐ.എക്സ് 3027 വിമാനത്തിൽ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ് യാത്രയായത്. ബുധനാഴ്ച ഉച്ചക്ക് 3.20നാണ് സർവിസ്. വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് സർവിസ് ഇല്ല. കൊച്ചി എംബാർക്കേഷൻ പോയന്റിൽനിന്നുള്ള ഈ വർഷത്തെ ആദ്യ വിമാനം സൗദി അറേബ്യൻ എയർലൈൻസിന്റെ എസ്.വി 3783 ബുധനാഴ്ച രാവിലെ 11.30ന് പുറപ്പെടും.
209 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 405 പേരാണ് ഇതിൽ യാത്രയാവുക. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളും വൈകീട്ട് 6.35ന് പുറപ്പെട്ട വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളുമാണ് മക്കയിലേക്ക് യാത്രയായത്. കണ്ണൂരിൽനിന്ന് ചൊവ്വാഴ്ച രാവിലെ 10.35ന് പുറപ്പെട്ട വിമാനത്തിൽ 78 പുരുഷന്മാരും 67 സ്ത്രീകളും യാത്രയായി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് തുടക്കം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് തുടക്കമായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഓരോ വർഷവും ഹജ്ജിന് പുറപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും മക്കയിലെ ചരിത്രസംഭവങ്ങളുമായി സ്ത്രീകൾക്ക് ഏറെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സംസ്ഥാനത്തുനിന്നുള്ള തീർഥാടകരിൽ ഭൂരിഭാഗവും വനിതകളാണെന്നും അദ്ദേഹം പറഞ്ഞു. നടത്തിയ ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
1341 സ്ത്രീകളും 903 പുരുഷന്മാരും ഉൾപ്പെടെ 2244 ഹാജിമാരാണ് ഇത്തവണ നെടുമ്പാശ്ശേരിയിൽനിന്ന് പോകുന്നത്. ഇതിൽ 164 തീർഥാടകർ ലക്ഷദ്വീപിൽനിന്നാണ്. ജൂൺ ഏഴുമുതൽ 21 വരെയാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവിസുകൾ. ഏഴ്, ഒമ്പത്, 10, 12, 14, 21 തീയതികളിൽ ദിവസവും രാവിലെ 11.30നാകും ജിദ്ദയിലേക്ക് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.