തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികളും സഹോദരനുമടക്കം നാലുപേർക്ക് ദാരുണാന്ത്യം
text_fieldsഅരിമ്പൂർ: തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ എറവ് സ്കൂളിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ ദമ്പതികളടക്കം നാലു പേർ മരിച്ചു. എൽത്തുരുത്ത് സ്വദേശിയും തൃശൂർ സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസറുമായ പുളിക്കൻ വിൻസെന്റ് (64) ഭാര്യയും മനക്കൊടി സ്കൂളിലെ റിട്ട. അധ്യാപികയുമായ മേരി (60) വിൻസെന്റിന്റെ സഹോദരൻ റിട്ട. താപാൽ വകുപ്പ് ജീവനക്കാരൻ മണലൂർ രാജീവ് നഗറിൽ പുളിക്കൻ ജോസഫ് (68) സഹോദരിയുടെ ഭർത്താവ് റിട്ട. ഫെഡറൽ ബാങ്ക് ഉേദ്യാഗസ്ഥൻ എറവ് പുറത്തുർ പള്ളിക്കുന്നത്ത് തോമസ് (61) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു നാടിനെ നടുക്കിയ അപകടം. പാലയൂരിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച കാർ തൃശൂരിൽ നിന്നും വാടാനപ്പള്ളി ബീച്ചിലേക്ക് പോയിരുന്ന ‘തരകൻ’ ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.
തൃശൂരിലെ രണ്ട് ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീതി കുറഞ്ഞ റോഡിൽ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. മരിച്ച വിൻസെന്റ് ആൽഫ തൃശൂർ ലിങ്ക് സെക്രട്ടറിയാണ്. വിൻസെന്റ് - മേരി ദമ്പതികളുടെ മക്കൾ: ദീപ, ദിവ്യ, ധന്യ. മരുമക്കൾ: ഇസിഡോർ, മോഹൻ, വിജോ. മേരിയാണ് ജോസഫിന്റെ ഭാര്യ. മക്കൾ: സിസ്റ്റർ എൽസ (എഫ്.സി.സി പ്രൊവിൻഷ്യൽ, തൃശൂർ), ജാസ്മിൻ (നഴ്സ്, അമല ആശുപത്രി), ഡോ. ജെസ്റ്റിൻ (അസി. പ്രഫസർ കുട്ടിക്കാനം മരിയൻ കോളജ്) മരുമക്കൾ: ജോസഫ് (ഹെൽത്ത് ഇൻസ്പെക്ടർ, പൂമല), ഗിഫ്റ്റി. സംസ്കാരം ചൊവ്വാഴ്ച മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
തോമസിന്റെ ഭാര്യ ലിസി. മക്കൾ: സിബിൽ, സിജിൽ (കാനഡ). മരുമക്കൾ: നിമ്മി റോസ്, ലയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.