ഇടുക്കിയിൽ നാലംഗ കുടുംബത്തെ തീവെച്ച് കൊന്നു; മരിച്ചയാളുടെ പിതാവ് കസ്റ്റഡിയിൽ
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീവെച്ച് നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്.
ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ജനലുകൾ അടച്ച് വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. അധർധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് രണ്ട് ലിറ്റർ പെട്രോൾ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീപടർന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമം നടത്തി. എന്നാൽ വാട്ടർ കണക്ഷൻ ഓഫ് ചെയ്തതിനാൽ വെള്ളമുണ്ടായിരുന്നില്ല.
ഏറെക്കാലമായി ഹമീദും മക്കളും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഹമീദ് സ്വത്തെല്ലാം മക്കൾക്ക് നൽകിയിരുന്നു. ഹമീദിന് ചെലവിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നിരുന്നത്. ഇത് മക്കൾ അംഗീകരിച്ചിരുന്നില്ല.
ഇതാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. നിരവധി തവണ സമവായശ്രമങ്ങൾ നടന്നിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരെ കത്തിച്ചുകളയുമെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു.
കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണിൽ നാട്ടുകാരെ വിളിക്കുകയായിരുന്നു. താൻ കിഴക്കംപാടത്തുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു.
കൊലപാതക കാരണം ഇന്നലെയുണ്ടായ തർക്കം
കൊലപാതകത്തിന് കാരണമായത് പിതാവും മകനും തമ്മിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വഴക്ക്. കാലങ്ങളായുണ്ടായ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിയായ ഹമീദും മകന്‍ മുഹമ്മദ് ഫൈസലും തമ്മില്‍ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെ പുറത്തേക്ക് പോയ ഹമീദ് തിരിച്ചെത്തിയത് അഞ്ച് കുപ്പി പെട്രോളാണെന്നും ഇതില്‍ രണ്ടു കുപ്പി പെട്രോളാണ് വീടിനകത്തേക്ക് ഒഴിച്ചതെന്നുമാണ് വിവരം.
വീടിന്‍റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് മുറി പുറത്തുനിന്ന് പൂട്ടി വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ എത്തിയാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
പ്രതി ഹമീദ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി, മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.