സംസ്ഥാനത്ത് സി.എൻ.ജി വാഹനങ്ങൾ കാൽലക്ഷം; പമ്പുകൾ 88
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സി.എൻ.ജി വാഹനങ്ങളുടെ എണ്ണം കാൽലക്ഷം (25,288) പിന്നിടുമ്പോഴും ഇവയ്ക്കാകെ ഇന്ധനം നിറയ്ക്കാനുള്ള പമ്പുകൾ 88 എണ്ണം മാത്രം. ഡീസൽ-പെട്രോൾ വില വർധനയുടെ പശ്ചാത്തലത്തിൽ ബദൽ ഇന്ധനത്തിലേക്ക് മാറിയവർക്കാണ് മതിയായ പമ്പുകളില്ലാത്തത് വെല്ലുവിളിയാകുന്നത്.
ഡീസലിന്‍റെയും പെട്രോളിന്‍റെയും വില പോലെ സി.എൻ.ജിക്കും വിലകൂടിയത് സൃഷ്ടിക്കുന്ന വെല്ലുവിളിക്ക് പുറമേയാണ് പമ്പുകളില്ലായ്മ മൂലമുള്ള പ്രതിസന്ധി. ഗതാഗത വകുപ്പിന്‍റെ കണക്കുകൾ പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ സി.എൻ.ജി പമ്പുകളേയില്ല.
സംസ്ഥാനത്ത് സി.എൻ.ജിയിലേക്ക് ചുവടുമാറിയതിൽ കൂടുതലും ഓട്ടോറിക്ഷകളാണ്. 13,814 ഓട്ടോകളാണ് ഇത്തരത്തിലുള്ളത്. അതിരാവിലെയും വൈകുന്നേരങ്ങളിലും എത്തി പമ്പുകളിൽ മണിക്കൂറുകൾ വരി കിടന്നാലാണ് ഓട്ടോകൾക്ക് ഇന്ധനം നിറയ്ക്കാനാവുക.
ഇതിൽ നിശ്ചിത ശതമാനത്തിൽ പെട്രോളും സി.എൻ.ജിയും ഉപയോഗിക്കാവുന്ന സൗകര്യമുള്ളവയാണെന്നതാണ് നേരിയ ആശ്വസം. 8912 കാറുകളും, 2010 ഗുഡ്സ് വാഹനങ്ങളും 171 ബസുകളും സി.എൻ.ജി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്.
സി.എൻ.ജിയിലേക്ക് മാറിയ ആംബുലൻസുകളും സ്കൂൾ വാഹനങ്ങളും നാല് ചക്ര ഓട്ടോകളും സംസ്ഥാനത്തുണ്ട്. കെ.എസ്.ആർ.ടി.സി പുതുതായി സി.എൻ.ജി ബസുകൾ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും പമ്പുകളുടെ ദൗർലഭ്യം പ്രശ്നമാണ്.
രണ്ട് സ്വകാര്യ കമ്പനികളുമായി സഹകരിച്ച് സി.എൻ.ജി ഫില്ലിങ് സ്റ്റേഷനുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതും പാതിവഴിയിലാണ്. കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടത്തോടെ വാങ്ങിയിട്ടില്ല എന്നതാണ് സമാധാനം.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന നിരന്തരം കൂടിയതിനെ തുടർന്ന് 2020-2021 കാലയളവിൽ കേരളത്തില്‍ സി.എന്‍.ജി ഉപയോഗം ഇരട്ടിയലധികമായി വര്‍ധിച്ചിരുന്നു. 2020ൽ സി.എൻ.ജിയുടെ പ്രതിമാസ വിൽപന 11,200 കിലോയായിരുന്നെങ്കില്‍ ഒന്നരവർഷം കൊണ്ട് പ്രതിമാസ വിൽപന 26,000 കിലോയായി.
എന്നാൽ സി.എൻ.ജി വില ഡീസൽ വിലയോടടുക്കാൻ തുടങ്ങിയതോടെ സി.എൻ.ജിയോടുള്ള താൽപര്യവും കുറഞ്ഞുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
സി.എൻ.ജി പമ്പുകളുടെ ജില്ല തിരിച്ചുള്ള വിവരം
തൃശൂർ 16
കോഴിക്കോട് 14
മലപ്പുറം 13
എറണാകുളം 13
ആലപ്പുഴ 11
പാലക്കാട് 08
തിരുവനന്തപുരം 07
കണ്ണൂർ 02
കാസർകോട് 02
കൊല്ലം 02
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.