ഡിണ്ടുഗലിന് സമീപം വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു
text_fieldsകോയമ്പത്തൂർ/പന്തീരാങ്കാവ്: ഡിണ്ടുഗൽ വത്തൽകുണ്ടിന് സമീപം കാർ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടു കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്ത് അഴിഞ്ഞിലം ജുമാമസ്ജിദിന് സമീപം കളത്തിൽതൊടി പരേതനായ കുഞ്ഞഹമ്മദിെൻറ മകൻ അബ്ദുൽ റഷീദ് (42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസിൽ (12) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു മകൻ ഫായിസും യാത്രസംഘത്തിലെ മറ്റൊരു കുട്ടിയും ഗുരുതര പരിക്കുകളോടെ തേനി ഗവ. ആശുപത്രിയിലാണ്.
തിങ്കളാഴ്ച പുലർച്ചയാണ് അപകടം. ചെന്നൈയിലെ ട്രാൻസ്പോർട്ട് കമ്പനിയായ അഖിൽ റോഡ്വെയ്സിൽ മാനേജറായ അബ്ദുൽ റഷീദിനൊപ്പം അവധി ആഘോഷിക്കാൻ പോയതാണ് റസീനയും മക്കളും. കഴിഞ്ഞമാസം 24നാണ് ഇവർ നാട്ടിൽനിന്ന് പോയത്. കൊടൈക്കനാൽ ഉൾപ്പടെ പല സ്ഥലങ്ങളും സന്ദർശിച്ച് ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് ദുരന്തം. മറ്റൊരു കാറിൽ റഷീദിെൻറ സഹപ്രവർത്തകരുമുണ്ടായിരുന്നു. ഇവരുടെ കൂടെയുള്ള ഒരു കുട്ടിയാണ് റഷീദും കുടുംബവും സഞ്ചരിച്ച കാറിലുണ്ടായിരുന്നത്. തേനിക്കടുത്ത് നിലക്കോട്ടൈയിൽ കോയമ്പത്തൂർ-കുമളി റൂട്ടിലോടുന്ന തമിഴ്നാട് സർക്കാർ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. മലതുരന്ന് നിർമിച്ച റോഡിലെ വളവിൽ ഇരുവാഹനങ്ങളും നേർക്കുനേർ ഇടിക്കുകയായിരുന്നു. കാറിെൻറ മുൻഭാഗം നിശ്ശേഷം തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നിലക്കോട്ടൈ ഡിവൈ.എസ്.പി കാർത്തികേയെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ തേനി ആശുപത്രിയിൽ മോർച്ചറിയിൽ. തിങ്കളാഴ്ച രാവിലെ വിവരമറിഞ്ഞ ഉടൻ ബന്ധുക്കൾ തേനിയിലേക്ക് പോയിട്ടുണ്ട്. പാത്തുമ്മയാണ് റഷീദിെൻറ മാതാവ്. രാമനാട്ടുകര ചേലുപാടം പരേതനായ മുഹമ്മദിെൻറയും ഫാത്തിമയുടെയും മകളാണ് റസീന.
ഇൗ ചിത്രത്തിൽ ഇനി ഫായിസ് മാത്രം...
ഉമ്മയുടെ ഗർഭപത്രം പങ്കിട്ട കൂടപ്പിറപ്പുൾപടെ സഹോദരിയും മാതാപിതാക്കളും നഷ്ടപ്പെട്ടതറിയാതെ ഫായിസ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തേനിയിൽ തിങ്കളാഴ്ച പുലർച്ചേ ബസ്സും , മലപ്പുറം വാഴയൂർ കളത്തിൽ തൊടി റഷീദും കുടുംബവും സഞ്ചരിച്ചകാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഫായിസ് ഉൾപടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഉപ്പയും ഉമ്മയും സഹോദരിയും അർദ്ധ സഹോദരൻ ബാസിലും അപകടത്തിൽ ഫായിസിന് നഷ്ടമായി.
കഴിഞ്ഞ മാസം 24 നാണ് ഇവർ ചെന്നൈയിൽ ഉപ്പയുടെ അടുത്തേക്ക് അവധി ആഘോഷിക്കാൻ പോയത്. കൊടൈക്കനാൽ ഉൾപടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങുന്നതിനിടയിലാണ് വിധി ഈ കുടുംബത്തെ തേടിയെത്തിയത്.
നേരത്തെ നാട്ടിൽ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന റഷീദ് പത്ത് വർഷത്തിലധികമായി ചെന്നൈയിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് അഴിഞ്ഞിലത്ത് പുതുതായി നിർമിച്ച വീട്ടിൽ താമസമാക്കിയത്. സ്കൂൾ പൂട്ടിയതോടെ റസീന മക്കളെയും കൂട്ടി ഭർത്താവിനടുത്തേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അപകടവിവരമറിഞ്ഞ ബന്ധുക്കൾ ഉടനെ തേനിയിലേക്ക് പോയെങ്കിലും നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. മൃതദേഹങ്ങൾ തേനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്. ഫായിസും സഹോദരങ്ങളും നവഭാരത് സ്കുൾ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.