സാങ്കേതിക സർവകലാശാല വി.സിക്ക് ‘കടിഞ്ഞാണിടാൻ’ നാലംഗ സമിതി
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയന്ത്രിക്കാൻ നാലംഗ ഉപസമിതി. വി.സിയും സിൻഡിക്കേറ്റും തമ്മിലെ പോര് തുടരുന്നതിനിടെ ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സർവകലാശാലയുടെ ദൈനംദിന ഭരണനിർവഹണത്തിനെന്ന നിലയിലാണ് ഉപസമിതി രൂപവത്കരിച്ചത്.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.കെ. ബിജു, അഡ്വ. ഐ. സാജു, ജി. സഞ്ജീവ്, രജിസ്ട്രാർ ഡോ. എ. പ്രവീൺ എന്നിവരാണ് സമിതി അംഗങ്ങൾ. ചാൻസലറായ ഗവർണറും വൈസ് ചാൻസലറും തമ്മിലുള്ളതടക്കം കത്തിടപാടുകൾ സിൻഡിക്കേറ്റിനെ അറിയിക്കണമെന്ന് യോഗം തീരുമാനിച്ചു.
താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് വി.സി അറിയാതെ രജിസ്ട്രാർ നടത്തിയ വിജ്ഞാപനം വി.സിയുടെ റിപ്പോർട്ടിനെ തുടർന്ന് ചാൻസലർ തടഞ്ഞിരുന്നു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ചാൻസലർ നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വി.സി ഡോ. സിസ തോമസ് രജിസ്ട്രാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിന് പിന്നാലെയാണ് വി.സിയുടെ കത്തിടപാടുകൾ സിൻഡിക്കേറ്റ് അറിയണമെന്ന വ്യവസ്ഥ കർശനമാക്കാൻ തീരുമാനിച്ചത്.
ദൈനംദിന ഭരണനിർവഹണത്തിന് വൈസ് ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതമാണ്. മിക്ക കാര്യങ്ങളിലും സിൻഡിക്കേറ്റിന്റെ അനുമതി ആവശ്യമാണെന്ന് യോഗം വിലയിരുത്തി. സർവകലാശാലയിൽ അനധികൃത നിയമനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദിവസവേതനക്കാരുടെ നിയമനത്തിനുള്ള വിജ്ഞാപനത്തിന് മുൻ വി.സിയുടെ അംഗീകാരമുള്ളതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ദിവസവേതന തൊഴിലാളികളുടേതടക്കം ജോലിഭാരം സംബന്ധിച്ച് പഠക്കാൻ സെൻറർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിനെ (സി.എം.ഡി) ചുമതലപ്പെടുത്താൻ തീരുമാനിച്ചു. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അഞ്ചുപേരുടെ കാലാവധി നീട്ടിനൽകിയ താൽക്കാലിക വി.സിയുടെ നടപടിക്ക് അംഗീകാരം നൽകി. സർവകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.