മലവെള്ളത്തിൽ കാണാതായത് കുടുംബത്തിലെ നാലുപേർ
text_fieldsനിലമ്പൂർ: ഹുങ്കാര ശബ്ദത്തിൽ കലിതുള്ളിയെത്തിയ മലവെള്ളത്തിൽപ്പെട്ട് കാണാതായത് ഒരു കുടുംബത്തിലെ നാലുപേർ. വയനാട് ചൂരൽ മലയിലെ തൊഴിലുറപ്പ് തൊഴിലാളിയായ ചിന്ന (82), സഹോദരൻ ദാമോദരൻ (72), ഭാര്യ അമ്മാളു (60), മകൻ ഹരിദാസൻ ( 34 ) എന്നിവരുടെ ജീവിതമാണ് ഉരുൾപ്പൊട്ടൽ കവർന്നെടുത്തത്.
ദാമോദരന്റെ മൃതശരീരം അടുത്ത ദിവസം വീടിന് സമീപത്തുനിന്ന് കിട്ടിയിരുന്നു. ചിന്നയുടേതെന്ന് സംശയിക്കുന്ന മൃതശരീരം ചാലിയാറിൽനിന്ന് കിട്ടിയെങ്കിലും മറ്റൊരു കുടുംബം അവകാശവാദവുമായി വന്നു. തുടർന്ന് സംശയം തീർക്കാൻ പൊലീസ്, ബന്ധുക്കളുടെ രക്തസാമ്പിളെടുത്ത് ഡി.എൻ.എ പരിശോധനക്ക് വിട്ടിരിക്കുകയാണ്.
ദിവസങ്ങളോളം തിരഞ്ഞിട്ടും ദാമോദരന്റെ ഭാര്യ അമ്മാളുവിന്റെയും ഇളയ മകൻ ഹരിദാസന്റേയും മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായതിന്റെ തലേന്നാൾ ചിന്ന, ബന്ധു ചന്ദ്രികയുടെ വീട്ടിലായിരുന്നു പകലുണ്ടായിരുന്നത്.
വൈകീട്ട് സ്വന്തം വീട്ടിൽ വന്ന് വിളക്കുവെച്ചശേഷം സമീപമുള്ള സഹോദരൻ ദാമോദരന്റെ വീട്ടിലേക്ക് രാത്രി കിടന്നുറങ്ങാൻ പോയതാണ്. അതിശക്തമായ ഉരുൾപൊട്ടലിൽ മലവെള്ളവും മണ്ണും മരവും പാറക്കല്ലുകളും കുതിച്ചെത്തി ഇവിടുത്തെ വീടുകൾ തകർത്തെറിയുകയായിരുന്നു. ദാമോദരന്റെ വീടും അടുത്തുള്ള വീടുകളുമെല്ലാം തരിപ്പണമായി.
ദാമോദരന്റെ മൃതശരീരം അടുത്ത ദിവസം വീട്ടിനടുത്തുനിന്നാണ് കണ്ടെടുത്തത്. എന്നാൽ, ഒഴുകിപ്പോയ മറ്റു മൂന്നു പേരെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ബുധനാഴ്ച പോത്തുകല്ലിൽ ചാലിയാറിൽനിന്ന് ലഭിച്ച മൃതശരീരം ബന്ധുക്കളെത്തി കണ്ടപ്പോൾ ചിന്നയുടേതാണെന്ന സംശയമുയർന്നു.
മേപ്പാടി സി.എച്ച്.സിയിലേക്ക് മാറ്റിയ മൃതദേഹം, ചിന്നയുടെ മക്കൾ കണ്ട് അമ്മയുടേതാണെണെന്ന് ഉറപ്പിച്ചെങ്കിലും മുണ്ടെകൈയിലെ ഒരു കുടുംബം തങ്ങളുടെ അമ്മയുടേതാണ് മൃതദേഹമെന്ന് അവകാശവാദമുന്നയിച്ചു. മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കാൻ ബന്ധുക്കളുടെ രക്തസാമ്പിൾ എടുത്ത് ഡി.എൻ.എ പരിശോധനക്ക് അയച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹത്തിന്റെ സാമ്പിളെടുത്ത് തൃശൂർ മെഡിക്കൽ കോളജിലേക്ക് ഡി.എൻ.എ പരിശോധനക്ക് വിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.