നാല് മന്ത്രിമാരും ചീഫ് വിപ്പും താമസിക്കുന്നത് വാടക കെട്ടിടത്തിൽ; ചെലവ് ലക്ഷങ്ങൾ
text_fieldsകൊച്ചി: എല്ലാവിധ സൗകര്യങ്ങളുമുള്ള 20 മന്ത്രിമന്ദിരങ്ങൾ തിരുവനന്തപുരത്ത് ഉള്ളപ്പോഴും വാടകവീട്ടിൽ താമസിക്കുന്നതിന് മന്ത്രിമാർക്കും ചീഫ് വിപ്പിനും വേണ്ടി ചെലവഴിക്കുന്നത് ലക്ഷങ്ങൾ. രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റ് 27 മാസത്തിനിടക്ക് തന്നെ 30.5 ലക്ഷം രൂപ വാടക ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്.
2021ൽ 11.77 ലക്ഷം രൂപ, 2022ൽ 15.98 ലക്ഷം രൂപ, 2023 ജൂൺ വരെ 2.70 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ്. മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, പി. പ്രസാദ്, ചിഞ്ചുറാണി, ചീഫ് വിപ്പ് എൻ. ജയരാജ് എന്നിവരാണ് വാടകക്കെടുത്ത മന്ത്രിമന്ദിരങ്ങളിൽ താമസിക്കുന്നത്. 21 മന്ത്രിമാരാണ് നിലവിലെ മന്ത്രിസഭയിലുള്ളത്. ക്ലിഫ് ഹൗസ് അടക്കം 20 മന്ത്രിമന്ദിരങ്ങൾ സർക്കാറിന്റേതായി ഉണ്ട്. സംസ്ഥാനം സാമ്പത്തിക പ്രയാസം നേരിടുമ്പോഴാണ് ഇത്തരത്തിൽ അധിക ചെലവ് വരുന്നത്.
വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 2018 മുതൽ 2023വരെ അഞ്ച് വർഷത്തിൽ മന്ത്രിമന്ദിരങ്ങളുടെ വാടകക്കായി 46.55 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സാമ്പത്തിക പ്രയാസം നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കുമെന്ന് പറയുന്നതല്ലാതെ അത് പ്രാവർത്തികമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് എം.കെ. ഹരിദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.