സാമ്പത്തികവർഷം അവസാനിക്കാൻ ഇനി നാല് ദിവസം: വാർഷിക പദ്ധതി 76 ശതമാനം
text_fieldsതിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കെ വാർഷിക പദ്ധതി 76 ശതമാനം പിന്നിട്ടു. തദ്ദേശ സ്ഥാപനങ്ങളെ ഒഴിച്ചുനിർത്തിയാൽ വിനിയോഗം 80 ശതമാനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പണിമുടക്കായത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കും. 30, 31 തീയതികളിലാണ് പൂർണതോതിൽ ഇനി നടപടി നടക്കുക. ബിൽ സമർപ്പിക്കാനുള്ള സമയ പരിധി മാർച്ച് 30ന് വൈകുന്നേരം വരെ നിജപ്പെടുത്തിയിട്ടുണ്ട്.
ഏതാനും ദിവസമായി വകുപ്പുകളിൽനിന്ന് ട്രഷറികളിലേക്ക് ബില്ലുകളുടെ കുത്തൊഴുക്കാണ്. നാലുദിവസം കൊണ്ട് വാർഷിക പദ്ധതിയിലെ 7000 കോടിയോളം രൂപയാണ് വിനിയോഗിക്കേണ്ടത്. സാമ്പത്തിക വർഷാവസാന ചെലവുകൾക്കായി 7000 കോടി രൂപയാണ് ധനവകുപ്പ് കടമെടുത്തത്. ആദ്യം 2000 കോടിയും തുടർന്ന് 5000 കോടിയും. അടുത്തമാസത്തെ ശമ്പള-പെൻഷൻ വിതരണത്തിനുള്ള കരുതൽ കൂടിയാണിത്.
അവസാന സമയം ബില്ലുകൾക്ക് പണം പൂർണമായി കൈമാറാനിടയില്ല. ഈ ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയേക്കും. അടുത്ത സാമ്പത്തികവർഷം ആദ്യമാകും പണം കൊടുക്കുക. 27,610 കോടിയുടെ വാർഷിക പദ്ധതിയിൽ ഞായറാഴ്ചത്തെ കണക്ക് പ്രകാരം 20766.74 കോടി രൂപ വിനിയോഗിച്ചു. ഇത് 75.21 ശതമാനമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 7280 കോടിയിൽ 4501.53 കോടി മാത്രമാണ് വിനിയോഗം. ഇത് 61.83 ശതമാനമാണ്. വൻകിട പദ്ധതികൾക്ക് വകയിരുത്തിയ 473.03 കോടിയിൽ കാര്യമായി വിനിയോഗമില്ല. കേന്ദ്ര സഹായ പദ്ധതിയിൽ 71.02 ശതമാനം വിനിയോഗത്തിലെത്തി.
അനുവദിച്ച പണത്തിൽ ഏറ്റവും കൂടുതൽ വിനിയോഗിച്ചത് നിയമസഭയാണ് -1270.82 ശതമാനം (11.69 കോടി). മരാമത്ത് 279.20 ശതമാനം, ഗതാഗതം 257.28, ആരോഗ്യം 134.40 ശതമാനം, കശുവണ്ടി 132.16 ശതമാനം, നിയമം 121.03 ശതമാനം എന്നിവയാണ് വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്ന വകുപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.