ഐ.എസ്.ആർ.ഒ പരീക്ഷ തട്ടിപ്പിൽ നാലു പേർ കൂടി കസ്റ്റഡിയിൽ; കേരള പൊലീസ് ഹരിയാനയിലേക്ക്
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷ തട്ടിപ്പിൽ നാലു പേർ കൂടി കസ്റ്റഡിയിൽ. പരീക്ഷ എഴുതാൻ പുറത്തു നിന്ന് സഹായം നൽകിയ ഹരിയാന സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മെഡിക്കൽ കോളജ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ആഭ്യന്തര ടെർമിനലിന് സമീപത്തെ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. പരീക്ഷ എഴുതിയ ശേഷം വിമാനത്തിൽ മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
ഹിന്ദി ഭാഷ മാത്രം അറിയാവുന്ന ഇവരെ ചോദ്യം ചെയ്യാൻ കേരള പൊലീസിനെ കേന്ദ്ര ഏജൻസികളും സഹായിക്കുന്നുണ്ട്. ഹരിയാന പൊലീസിന്‍റെ സഹായത്തിലാണ് പിടിയിലാവരുടെ പേരുവിവരങ്ങൾ കേരള പൊലീസിന് ലഭിച്ചത്. ഇന്നലെ പിടിയിലായ സുമിത്തിന്‍റെ യഥാർഥ പേര് മനോജ് കുമാർ എന്നാണെന്ന വിവരം ഹരിയാന പൊലീസ് ആണ് കൈമാറിയത്.
കേസിന്‍റെ തുടർ അന്വേഷണത്തിന് കേരള പൊലീസിന്‍റെ പ്രത്യേക സംഘം ഹരിയാനയിലേക്ക് പോകും. മെഡിക്കൽ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിൽ ഉണ്ടാവുക.
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ കോപ്പിയടിക്കുന്നതിനിടെയാണ് ഹരിയാന സ്വദേശികൾ ഇന്നലെ അറസ്റ്റിലായത്. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷക്കിടെയാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കോപ്പിയടി. ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ് പിടിയിലായത്.
പട്ടം സെന്റ്മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളജ് പൊലീസും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസും അറസ്റ്റ് ചെയ്തു. വയറിൽ ബെൽറ്റ് കെട്ടി അതിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. ഫോൺ ഉപയോഗിച്ച് ചോദ്യ പേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്കയച്ചു. ബ്ലൂടുത്ത് ഹെഡ്സെറ്റ് വഴിയും സ്മാർട്ട് വാച്ചിലെ സ്ക്രീനിലൂടെയും ഉത്തരങ്ങൾ മനസിലാക്കിയ സുനിൽ 75 മാർക്കിന് എഴുതി. സുമിത്തിന് ഒന്നും എഴുതാൻ സാധിച്ചില്ല.
പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലേക്കും ജാഗ്രത നിർദേശം നൽകി. അധ്യാപകർ നടത്തിയ പരിശോധനയിൽ ചെവിക്കുള്ളിലെ ഹെഡ്സെറ്റ് ശ്രദ്ധയിൽപെട്ട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.