നാലുപേര്‍ക്കുകൂടി സിക; ആകെ രോഗികൾ 23, ജാഗ്രത വേണമെന്ന് ആേരാഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: നാലുപേര്‍ക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38), പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), കരിക്കകം സ്വദേശിനി (16) എന്നിവർക്കാണ് രോഗം. ഇതോടെ സംസ്ഥാനത്ത് 23 പേരാണ് സിക ബാധിതരായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. ശാസ്തമംഗലം സ്വദേശിനിക്ക് കോയമ്പത്തൂര്‍ ലാബിലെ പരിശോധനയിലും കരിക്കകം സ്വദേശിനിക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി ലാബിലെ പരിശോധനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളജില്‍ സിക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതില്‍ ഒരാള്‍ക്ക് സിക വൈറസ് ബാധയും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 13 പേരുടെ പരിശോധനഫലം നെഗറ്റിവാണ്.
ജാഗ്രത വേണമെന്ന് ആേരാഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കി, ചികുൻഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരും സിക വൈറസിനെതിരെ പ്രത്യേക കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാമാര്‍ഗം. ലൈംഗിക ബന്ധത്തിലൂടെയും സിക വൈറസ് പകരാം.
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കണം. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ജനാലകളും വാതിലുകളും അടച്ചിടുക, ജനാലകള്‍ക്കും വാതിലുകള്‍ക്കും കൊതുകുവലകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍പോലും കൊതുകുവല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉൾപ്പെടെ ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.