ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
text_fieldsആലപ്പുഴ: കളർകോടിനടുത്ത് ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഗൗരി ശങ്കർ, ആൽവിൻ, കൃഷ്ണദേവ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വണ്ടാനത്തുനിന്ന് ആലപ്പുഴയിൽ സിനിമക്ക് പോകുകയായിരുന്നു വിദ്യാർഥികൾ എന്നറിയുന്നു. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കനത്ത മഴയിൽ കാറിന്‍റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. ബസും കാറും അമിതവേഗത്തിലായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.
പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.