കടൽ കടന്ന് നന്മ; കുഞ്ഞുജീവന് കരുതലേകാൻ കേരളത്തിൽ നിന്ന് നാല് പേർ സൗദിയിലേക്ക്
text_fieldsമേലാറ്റൂർ: ഒരു ചരിത്ര ദൗത്യത്തിലേക്കാണ് ഈ നാലുപേർ ചുവട് വെക്കുന്നത്. അപൂർവരക്തം ദാനം ചെയ്യാൻ കടൽ കടന്നിരിക്കുകയാണ് മലയാളികളായ ഒരു വനിതയും മൂന്ന് പുരുഷന്മാരും. 'ബോംബെ' ഡോണേഴ്സ് അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂർ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഷെരീഫ് പെരിന്തൽമണ്ണ എന്നിവരാണ് സൗദി പൗരനായ ചെറിയ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ രക്തം നൽകുന്നതിന് യാത്ര തിരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി 8.30ന് യാത്രതിരിച്ച ഇവർ സൗദിയിലെത്തി. വരും ദിവസങ്ങളിൽ സൗദി പൗരനായ കുട്ടിയുടെ ശസ്തക്രിയ നടക്കും. അതുവരെ നാല് പേരും സൗദിയിൽ തങ്ങും.
ഒരു കുരുന്നുജീവന് രക്ഷകരാവാൻ നിമിത്തമായത് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ടീമാണ്. സംഘടന സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ. സലീം വളാഞ്ചേരിയുടെയും സൗദി കോ ഓഡിനേറ്റർ ഫസൽ ചാലാടിന്റെയും അവസരോചിത ഇടപെടൽ മൂലമാണ് അതിവേഗം സൗദിയിലേക്ക് പോകാനായത്. സംസ്ഥാന പ്രസിഡന്റ് വിനോദ് ഭാസ്കരൻ, ജനറൽ സെക്രട്ടറി സനൽ ലാൽ കയ്യൂർ എന്നിവരും ചുക്കാൻ പിടിച്ചു. ഇവർക്കൊപ്പം കേരള ബ്ലഡ് ഡോണഴ്സ് ഫോറം സൗദി ഘടകം ഉദ്യമത്തിനായി രംഗത്തുണ്ടായിരുന്നു.
ആറ് മാസം മുമ്പാണ് രക്തം ആവശ്യപ്പെട്ട് സംഘടനയെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ശസ്ത്രക്രിയയുടെ വിവരം അറിയിച്ചത്. ഇതോടെ പോകാനുള്ള തയാറെടുപ്പ് തുടങ്ങി. ആദ്യമായി ബോംെബയിൽ കണ്ടെത്തിയ അപൂർവ രക്ത ഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. കേരളത്തിൽ 35ൽ കുറവ് ആളുകൾക്ക് മാത്രമാണ് ഈ ഗ്രൂപ്പ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.