മ്ലാവുകള്‍ക്ക് തീറ്റ വാങ്ങിയ ഇനത്തില്‍ വെട്ടിപ്പ്; നാലുപേര്‍ സസ്പെന്‍ഷനില്‍
text_fieldsപെരുമ്പാവൂർ: കോടനാട് കപ്രിക്കാട് അഭയാരണ്യത്തിൽ മ്ലാവുകള്‍ക്ക് തീറ്റ വാങ്ങിയ ഇനത്തിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ കൂടാതെ മൂന്ന് പേർകൂടി സസ്പെന്‍ഷനിൽ.
മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഭക്ഷണം വാങ്ങിയ ഇനത്തിൽ 30,90,611 രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എ.സി.എഫ് അനീഷ സിദ്ദീഖിനെ രണ്ടുമാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. വെട്ടിപ്പിൽ പങ്കാളികളെന്ന് കണ്ടെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.എസ്. വിനയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഹസീന, സിയാദ് എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച സസ്പെൻഡ് ചെയ്തത്.
വിനയനും ഹസീനയും കാലടി ഫോറസ്റ്റ് ഓഫിസിലും സിയാദ് കോടനാട് ഓഫിസിലുമാണ് ജോലി ചെയ്തിരുന്നത്. 2020-’21 സാമ്പത്തികവര്‍ഷം മുതല്‍ 2022 ജൂലൈ 31 വരെ അനീഷ സിദ്ദീഖ് കോടനാട് റിസര്‍ച്ച് റേഞ്ചിൽ ഓഫിസറായിരിക്കെയാണ് കണക്കുകളിൽ കൃത്രിമം നടന്നതായി വിജിലന്‍സ് കണ്ടെത്തിയത്. രണ്ട് കൂടുകളിലായി 136 മ്ലാവുകൾ ഉണ്ടായിരുന്നത് ലൈവ് സ്റ്റോക്ക് രജിസ്റ്ററിൽ 170 ആയി രേഖപ്പെടുത്തുകയായിരുന്നു.
ക്രമക്കേടുകൾ പുറത്ത് അറിയാതിരിക്കാൻ ലൈവ് സ്റ്റോക്ക് രജിസ്റ്റർ 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ടെന്ന് മൊഴി നല്‍കുകയും വ്യാജരേഖകൾ സമര്‍പ്പിക്കുകയും ചെയ്തെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. 2022ൽ സിന്ധുമതി എന്ന റേഞ്ച് ഓഫിസർ ചാര്ജെടുത്തപ്പോഴാണ് മ്ലാവുകളുടെ എണ്ണം തിട്ടപ്പെടുത്തി കള്ളക്കളി വെളിച്ചത്തുവന്നത്. എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസർ മനു സത്യൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. വിനയൻ പ്രമുഖ ഫോറസ്റ്റ് സര്‍വിസ് സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന് നേതാവാണ്. ഇതുകൊണ്ടാകാം ഇദ്ദേഹം ഉൾപ്പെടെയുള്ളവര്‍ക്കെതിരെ നടപടി വിവരം ദിവസങ്ങളായിട്ടും പുറത്തുവരാതിരുന്നതെന്ന് ഉദ്യോഗസ്ഥരിൽതന്നെ മുറുമുറുപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.