ഡ്രൈവർ മദ്യപിച്ച് ഓടിച്ച ആംബുലൻസ് കാറിലിടിച്ച് നാല് പേർക്ക് പരിക്ക്
text_fieldsപത്തനംതിട്ട: ഡ്രൈവർ മദ്യപിച്ച് ഓടിച്ച ആംബുലൻസ് കാറിലിടിച്ച് നാല് പേർക്ക് പരിക്ക്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് അപകടം വരുത്തിയത്. ഡ്രൈവർ മദ്യപിച്ചത് പത്തനംതിട്ട പൊലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവങ്ങൾ.
പത്തനംതിട്ടയിൽ വെച്ച് കാറിൽ തട്ടിയ ശേഷം ആംബുലൻസ് നിർത്താതെ പോയിരുന്നു. ശേഷം ഓമല്ലൂർ പുത്തൻപീടിക ജങ്ഷനിൽ മൂന്ന് മണിയോടെ എതിരേ വന്ന ഇന്നോവ കാറിൽ ഇടിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് കന്യാസ്ത്രീകളടക്കം നാല് പേർക്ക് പരിക്കേറ്റു.
പത്തനംതിട്ട നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകളായ പിയൂഷ, റോസി, ആൻസി എന്നിവർക്കും കാർ ഡ്രൈവർ ജോസിനുമാണ് പരിക്കേറ്റത്. അപകട ശേഷം ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച ഡ്രൈവർ ശ്യാംകുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.