പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന നാലുപേർ പിടിയിൽ; സ്വർണം കണ്ടെത്താനായില്ല
text_fieldsതൃശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ നാലു പ്രതികൾ തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.
കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല. അഞ്ചു പേര്‍കൂടി സംഘത്തിലുണ്ടെന്നാണ് സൂചന. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയറ്ററിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുകയായിരുന്ന കെ.എം ജ്വല്ലറി ഉടമ കിനാതിയിൽ യൂസുഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സ്വർണം കവര്‍ന്നത്. കാറിലെത്തിയ സംഘം ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിനു മുന്നിലെ ഗേറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം.
കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. യൂസുഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കു വന്ന കാറില്‍തന്നെ രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറി മുതല്‍ സംഘം കാറില്‍ പിന്തുടരുന്നുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജ്വല്ലറി ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണങ്ങൾ കടയില്‍ സൂക്ഷിക്കാതെ രാത്രി വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. പരിക്കേറ്റ യൂസുഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.