സർക്കാർ കണക്കിലില്ലാതെ നാലു പേർ: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsകൊച്ചി: ആധാർ കാർഡോ റേഷൻ കാർഡോ വീടോ ഇല്ലാതെ ഇടമലയാറിെൻറ തീരത്ത് മീൻ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽപ്പെട്ട ദമ്പതികളുടെ ദുരവസ്ഥയെ കുറിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.ജില്ല കലക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ഇടമലയാർ ജലാശയത്തിെൻറ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സർക്കാറിെൻറ കണക്കിലില്ലാതെ 18 വർഷമായി ജീവിക്കുന്നത്. സഹോദരന്മാരുടെ മക്കളായ ഇവർ ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്കേർപ്പെടുത്തി. ഇതോടെയാണ് ഇടമലയാർ തീരത്തെത്തി മീൻപിടിത്തം ആരംഭിച്ചത്. ആനയും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവർ താമസിക്കുന്ന പാറകൂട്ടത്തിന് താഴെ എത്താറുണ്ട്. ചങ്ങാടത്തിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വടാട്ടുപാറയിൽ എത്തിയാൽ മാത്രമേ പിടിക്കുന്ന മീൻ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ കഴിയുകയുള്ളു.
മഴ പെയ്താൽ ജീവൻ പണയംവെച്ചാണ് ചങ്ങാടം തുഴയുക. വാഴച്ചാലിലെയും വെറ്റിലപാറയിലെയും ട്രൈബൽ സ്കൂളുകളിലാണ് ഇവരുടെ മക്കൾ പഠിക്കുന്നത്. സൗജന്യ റേഷനും കിറ്റും ഇവർക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും പട്ടിണിയിലാണ് ജീവിക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.