മൂന്നാറിൽ ഭൂമി കൈയേറ്റത്തിന് ഒത്താശ; നാല് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsമൂന്നാർ: മൂന്നാറിൽ സർക്കാർ ഭൂമി കൈയേറാൻ ഒത്താശ ചെയ്ത കെ.ഡി.എച്ച് വില്ലേജിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് റവന്യൂ ജീവനക്കാരെ ഇടുക്കി ജില്ല കലക്ടർ എച്ച്. ദിനേശനാണ് സസ്പെൻഡ് ചെയ്തത്.
കെ.ഡി.എച്ച് വില്ലേജിലെ സെക്ടർ ഓഫിസർമാരായിരുന്ന പി.പ്രീത, ഇ.പി. ജോർജ്, വില്ലേജ് അസിസ്റ്റൻറ് ആർ.സ്റ്റീഫൻ, ഓഫിസ് അസിസ്റ്റൻറ് ആർ. ഗോപകുമാർ എന്നിവർക്കാണ് സസ്പെൻഷൻ. ഡെപ്യൂട്ടി തഹസിൽദാർ ടി. സനിൽകുമാറിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. റവന്യൂ രേഖകളിൽ കൃത്രിമം കാട്ടി കൈയേറ്റത്തിന് ഒത്താശ ചെയ്തെന്ന സ്പെഷൽ തഹസിൽദാറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജില്ല കലക്ടറുടെ നടപടി.
കെ.ഡി.എച്ച് വില്ലേജില്‍ സർവേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലം ആരോഗ്യവകുപ്പ് മുൻ ഉദ്യോഗസ്ഥൻ കൈയേറി കെട്ടിടം നിര്‍മിച്ചിരുന്നു. ദേവികുളം ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റിന് സമീപം ലൈഫ് പദ്ധതിയില്‍ വീട് നിർമിക്കുന്നതിന് മാറ്റിയിട്ടിരുന്ന ഭൂമിയാണിത്. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കൈയേറ്റവും ഇതിന് ഒത്താശ ചെയ്ത് ഉദ്യോഗസ്ഥർ രേഖകളിൽ കൃത്രിമം നടത്തിയതും കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സ്പെഷൽ തഹസിൽദാർ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
സർക്കാർ ഭൂമി സംരക്ഷിക്കാൻ അധികാരപ്പെട്ട വില്ലേജ് ഓഫിസറും ജീവനക്കാരും ഗുരുതര ചട്ടലംഘനവും ഔദ്യോഗിക കൃത്യനിർവഹണത്തില്‍ മനപ്പൂർവം വീഴ്ചയും വരുത്തിയെന്നാണ് സസ്പെന്ഷന് ഉത്തരവിൽ പറയുന്നത്. എന്നാല്‍, റിപ്പോർട്ടില്‍ പരാമർശിക്കുന്ന ഉന്നത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.