നഷ്ടമായത് നാല് സിറ്റിങ് സീറ്റുകൾ; ഇടതു കാറ്റിൽ ഉലഞ്ഞ് ലീഗ്
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗിന് ഇടതു തരംഗത്തിൽ തിരിച്ചടി. മലപ്പുറം ജില്ലയിൽ പിടിച്ചു നിന്നെങ്കിലും മറ്റിടങ്ങളിൽ നാല് സിറ്റിങ് സീറ്റുകൾ നഷ്ടമായി. കളമശ്ശേരി, അഴീക്കോട്, കോഴിക്കോട് സൗത്ത്, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർഥികൾ തോറ്റത്.
അഴീക്കോട്ട് കെ.എം. ഷാജി, കോഴിക്കോട് സൗത്തിൽ നൂർബീന റഷീദ്, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ല, കളമശ്ശേരിയിൽ ഇബ്രാഹീം കുഞ്ഞിെൻറ മകൻ വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരുടെ തോൽവി പാർട്ടിക്ക് ക്ഷീണമായി. നൂർബീന 12,000ലേറെയും അബ്ദുൽ ഗഫൂർ 15,000ലേറെയും വോട്ടിനാണ് തോറ്റത്.
കോഴിക്കോട്ടുനിന്ന് മാറി കൊടുവള്ളിയിലെത്തിയ എം.കെ. മുനീർ വോട്ടെണ്ണലിനിടയിൽ വിയർത്തെങ്കിലും മണ്ഡലം തിരിച്ചു പിടിച്ചത് ആശ്വാസത്തിന് വക നൽകുന്നു. തിരുവമ്പാടിയിൽ ജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സി.പി. ചെറിയ കുഞ്ഞിമുഹമ്മദ് തോറ്റു. പേരാമ്പ്ര, കൂത്തുപറമ്പ്, കുന്ദമംഗലം, കോങ്ങാട്, പുനലൂർ എന്നിവിടങ്ങളിലൊന്നും പച്ച തൊടാനായില്ല. മണ്ണാർക്കാട്ട് എൻ. ഷംസുദ്ദീൻ ജയിച്ചെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു.
പാർട്ടി മത്സരിച്ച മലപ്പുറത്തെ 11 സീറ്റുകളിൽ പെരിന്തൽമണ്ണയിലൊഴിച്ച് ബാക്കി മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ഭൂരിപക്ഷം നേടാനായി. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും പെരിന്തൽമണ്ണയിൽ 38 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കഷ്ടിച്ച് കടന്നുകൂടിയത്. മലപ്പുറത്തെ തിളക്കമാർന്ന വിജയത്തിനിടയിലും പെരിന്തൽമണ്ണയിലെ പ്രകടനം നിറം മങ്ങി.
താനൂരിൽ യുവ നേതാക്കളിൽ ഏറ്റവും ശക്തനായ പി.കെ. ഫിറോസിെൻറ അപ്രതീക്ഷിത തോൽവി ലീഗ് നേതൃത്വത്തെ െഞട്ടിച്ചു. 985 വോട്ടിെൻറ ഭൂരിപക്ഷത്തിലാണെങ്കിലും ഇടതു സ്വതന്ത്രൻ സിറ്റിങ് എം.എൽ.എ വി. അബ്ദുറഹ്മാെൻറ വിജയം ലീഗിെൻറ ശക്തി കേന്ദ്രങ്ങളിലൊന്നായ താനൂരിൽ പാർട്ടി നേതൃത്വം തീരെ പ്രതീക്ഷിച്ചതല്ല. സർവ സന്നാഹങ്ങളുമായാണ് ലീഗ് അവിടെ പ്രചാരണം നടത്തിയത്. എക്സിറ്റ് പോളുകളിൽ ഒന്നിൽ പോലും ഫിറോസിെൻറ തോൽവി പ്രവചിച്ചിരുന്നില്ല. അബ്ദുറഹ്മാെൻറ വിജയം ലീഗിന് തിരിച്ചടിയാണ്. ലോക്സഭയിൽനിന്ന് നിയമസഭയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.