പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾ സ്കൂളിൽ കുഴഞ്ഞുവീണു
text_fieldsഷൊർണൂർ: ഷൊർണൂർ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളും ഗണേശ് ഗിരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനികളുമായ നാലുപേർ സ്കൂളിൽ കുഴഞ്ഞുവീണു. ഭക്ഷ്യവിഷബാധയാണോയെന്ന് വ്യക്തമല്ലെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞു.
ഏഴാം ക്ലാസ് വിദ്യാർഥിനി അനഘ (12), പത്താം ക്ലാസ് വിദ്യാർഥിനികളായ ജയശ്രീ (15), ശ്രീക്കുട്ടി (14), ശ്രീജ (14) എന്നിവരാണ് കുഴഞ്ഞുവീണത്. നാലുപേരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലകറക്കം മാത്രമാണ് കുട്ടികൾക്കുണ്ടായത്.
ഛർദിയും വയറിളക്കവുമൊന്നുമില്ല. ഇരട്ടക്കുട്ടികളായ ശ്രീക്കുട്ടിയുടെയും ശ്രീജയുടെയും ഇ.സി.ജിയിൽ കുറച്ച് പ്രശ്നം കാണിക്കുന്നുണ്ടെന്ന് ആശുപത്രിയിൽ ഒപ്പമുള്ള ഹോസ്റ്റൽ വാർഡൻ ഫാത്തിമ ബീവി പറഞ്ഞു. 24 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തിയിരിക്കുകയാണ്. രാവിലെ പുട്ടും കടലയും ചായയുമാണ് കുട്ടികളെല്ലാവരും കഴിച്ചത്.
ആകെ 18 കുട്ടികളുള്ളതിൽ 16 പേരും ഹോസ്റ്റലിലുണ്ടായിരുന്നു. ഇവർക്ക് പുറമെ നാല് സ്റ്റാഫുകളും ഇതേ ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ, നാലുപേർക്ക് മാത്രം എന്തുകൊണ്ട് പ്രശ്നമുണ്ടായെന്ന് വ്യക്തമല്ല. രാവിലെ ഇടവേള സമയത്ത് പുറത്തിറങ്ങിയ കുട്ടികൾ തലകറങ്ങി വീഴുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഒരു കുട്ടിയുടെ രക്ഷിതാവ് ഹോസ്റ്റലിൽ വന്നപ്പോൾ ഉണ്ണിയപ്പം കൊണ്ടുവന്നിരുന്നതായും ഇതെല്ലാവരും കഴിച്ചിരുന്നതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.