യൂട്യൂബ് കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച നാലു വിദ്യാർഥികൾ ബോധരഹിതരായി
text_fieldsകൊടുങ്ങല്ലൂർ: യൂട്യൂബ് വിഡിയോ കണ്ട് ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ച നാലു വിദ്യാർഥികൾ ബോധരഹിതരായി. കൊടുങ്ങല്ലൂരിലാണ് അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്.
കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച നാലുപേരും അപകടനില തരണംചെയ്തു. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ബോധരഹിതരായത്.
വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനു ശേഷമാണ് കുട്ടികൾ കൃത്യത്തിന് മുതിർന്നത്. മൂന്നു പേർ പരസ്പരവും ഒരു വിദ്യാർഥി തനിച്ചുമാണ് ഹിപ്പ്നോട്ടിസം ചെയ്തതത്രെ. വളഞ്ഞുനിന്ന് പിൻഭാഗത്തുകൂടി കഴുത്തിന്റെ രണ്ടു ഭാഗത്തും അമർത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് ഒരു കുട്ടിയിൽനിന്ന് അറിയാൻ കഴിഞ്ഞതെന്ന് പി.ടി.എ പ്രസിഡൻറ് ടി.എ. നൗഷാദ് പറഞ്ഞു.
ക്ലാസ് മുറിയിൽ രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ബോധരഹിതരായി കിടക്കുന്നത് കണ്ട മറ്റു കുട്ടികൾ സ്റ്റാഫ് റൂമിലെത്തി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകർ ഓടിയെത്തി മൂവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
നാലു മണിയോടെയാണ് ഒരു പെൺകുട്ടി ബോധരഹിതയായത്. ഈ കുട്ടിയെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോധം വീണ്ടുകിട്ടാത്തതിനാൽ എ.ആർ സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. ചികിത്സ നൽകി ബോധം തെളിഞ്ഞ ശേഷമാണ് എന്താണുണ്ടായതെന്ന് വിദ്യാർഥികൾ പുറത്തുപറയുന്നത്.
സാധാരണനില കൈവരിച്ചതിനെ തുടർന്ന് നാലുപേരും ആശുപത്രി വിട്ടു. മെൻറലിസം എന്ന കൃത്യമാണ് നാലുപേരും ചെയ്തതെന്നും ഇത്തരം അനുകരണരീതിക്കെതിരെ സമൂഹത്തിൽ പൊതുവായ ജാഗ്രത ആവശ്യമാണെന്നും സ്കൂളിൽ ശക്തമായ ബോധവത്കരണം സംഘടിപ്പിക്കുമെന്നും പി.ടി.എ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.