മാലിന്യനീക്കത്തിൽ നാലിരട്ടി വർധന; കഴിഞ്ഞ സാമ്പത്തികവര്‍ഷം ഹരിതകർമസേനക്ക് നൽകിയത് ആറുകോടി
text_fieldsതിരുവനന്തപുരം: ക്ലീൻ കേരള കമ്പനിവഴി നീക്കംചെയ്യുന്ന മാലിന്യത്തിന്റെ അളവിൽ വൻ കുതിച്ചുചാട്ടം. 2023 മേയിൽ 5355.08 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മേയിൽ ഇത് 3728.74 മെട്രിക് ടൺ ആയിരുന്നു. 43.61 ശതമാനം വര്‍ധന. വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ മാത്രമായിരുന്നു. 2023 മേയിൽ ഇത് 1014.04 ആയി (63.39 ശതമാനം വര്‍ധന).
കഴിഞ്ഞ ഏപ്രിലിൽ ശേഖരിച്ച മൊത്തം മാലിന്യം 3174 ടണ്ണും വേര്‍തിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു. മേയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരള കമ്പനി ഹരിതകർമ സേനാംഗങ്ങള്‍ക്ക് കൈമാറി. മാലിന്യ ശേഖരണത്തിലും തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ മുന്നേറ്റം ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഫലം കാണുന്നതിന്റെ തെളിവാണെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചില്ല്, തുണി, ഇ-വേസ്റ്റ്, മരുന്ന് സ്ട്രിപ്, ടയര്‍, ചെരിപ്പ്, ഹസാര്‍ഡസ് വേസ്റ്റ് ഉള്‍പ്പെടെ എല്ലാത്തരം മാലിന്യവും ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്തെ 800 ലധികം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ക്ലീൻ കേരള കമ്പനിയുടെ പിന്തുണ ലഭിക്കുന്നു. 2021-22ൽ 7657 മെട്രിക് ടൺ മാലിന്യമാണ് കമ്പനി നീക്കംചെയ്തത്. 2022-23 വര്‍ഷത്തിൽ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടൺ) വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തരംതിരിച്ച പ്ലാസ്റ്റിക് 8463 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതുമൂലം ഹരിതകർമസേനക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തു വിലയായി കൈമാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷ്രെഡഡ് പ്ലാസ്റ്റിക് 259.98 ടൺ ഉൽപാദിപ്പിക്കാനും ഇതിൽ 55.92 ടൺ വിവിധ ആവശ്യങ്ങള്‍ക്കായി കൈമാറാനും ക്ലീൻ കേരള കമ്പനിക്ക് കഴിഞ്ഞു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ കുന്നുകൂടിയ (ലെഗസി വേസ്റ്റ്) 7610.53 ടൺ മാലിന്യം നീക്കംചെയ്തു.
1713.56 ടൺ മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്, 197.868 ടൺ ഇ-മാലിന്യം, 36.65 ടൺ ഹസാര്‍ഡസ് വേസ്റ്റ്, 1053.67 ടൺ ചില്ലുമാലിന്യം, 327.71 ടൺ തുണി മാലിന്യം, ചെരിപ്പ്-ബാഗ്-തെർമോകോള്‍ വിഭാഗത്തിലെ 2037.59 ടൺ മാലിന്യം, 7.77 ടൺ മരുന്ന് സ്ട്രിപ് എന്നിവയും നീക്കംചെയ്യാനായി. ആകെ മാലിന്യ ശേഖരണത്തിൽ എറണാകുളമാണ് മുന്നിൽ, 4735.96 ടൺ. തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകർമ സേനക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂര്‍ ജില്ലയാണ്. ഇവിടെ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്. ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകർമ സേനക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.