പുന്നോൽ ഹരിദാസ് വധം: ഏഴു പേർ കസ്റ്റഡിയിൽ; അന്വേഷണം ആറു സംഘങ്ങളായി തിരിഞ്ഞ്
text_fieldsകണ്ണൂരിലെ പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആർ ഇളങ്കോ പറഞ്ഞു.
ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വെച്ചാണ് ഹരിദാസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. വെട്ടേറ്റ് ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തിയിരുന്നു. തുടർന്ന് വീട്ടുകാരുടെ കൺമുന്നിൽവെച്ചാണ് വെട്ടിനുറുക്കിയത്.
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം -ബി.ജെ.പി സംഘർഷം തുടങ്ങിയത്. ഉത്സവത്തിന് പിന്നാലെ നടത്തിയ ബി.ജെ.പിയുടെ പ്രതിഷേധ യോഗത്തിൽ തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് നടത്തിയ കൊലവിളി പ്രസംഗമാണ് ഹരിദാസന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചിട്ടുണ്ട്.
ഹരിദാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് സംസ്കരിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരം മെഡിക്കൽ കോളജിൽനിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നോലിൽ പൊതുദർശനമുണ്ടാകും. പുന്നോലിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.