പടരുന്നത് നാലിനം വൈറസുകൾ; കൊറോണ വൈറസുകൾക്ക് ജനിതകമാറ്റം
text_fieldsകൊച്ചി: വർധിച്ച വ്യാപനശേഷിയുള്ള കൊറോണ വൈറസുകളാണ് കേരളത്തിൽ ഇപ്പോൾ പടരുന്നതെന്ന് പഠനം. കൊറോണ വൈറസുകളിലെ യൂറോപ്യൻ ഗണമെന്ന് പറയപ്പെടുന്ന എ2എ വിഭാഗമാണ് കേരളത്തിലുള്ളതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതിനാൽ വൈറസ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണെന്നും പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കോഴിക്കോട് മെഡിക്കൽ കോളജും സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റഡ് ബയോളജിയും ചേർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച 200ഒാളം വൈറസ് സാമ്പിളുകളിൽനിന്നാണ് ജനിതക ശ്രേണി നിർണയിച്ചത്.
കൊറോണ വൈറസുകളുടെ കേരളത്തിലെ ഉദ്ഭവവും വ്യാപനവും സംബന്ധിച്ച് നടക്കുന്ന ജനിതക ശാസ്ത്രീയ ഗവേഷണങ്ങളുടെ ആദ്യപഠന റിപ്പോർട്ടാണിത്.
കേരളത്തിൽ പഠന വിധേയമായ വൈറസുകളിലെ ജനിതക ശ്രേണിയിൽ ഡി614ജി എന്ന ജനിതക വ്യതിയാനമാണ് കണ്ടെത്തിയത്. ജനിതക ശ്രേണിയിൽ എൽ5 എഫ് എന്ന മറ്റൊരു ജനിതക മാറ്റവും ദൃശ്യമായിട്ടുണ്ട്.
നാലുതരം കൊറോണ വൈറസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഒഡിഷ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക തുടങ്ങി സംസ്ഥാനങ്ങളിൽ വ്യാപിച്ച വൈറസുകൾക്ക് സമാനമായ വൈറസുകളാണ് ഇവിടെയും കണ്ടെത്തിയത്. അതിലാണ് ഡി 614 ജി എന്ന വ്യതിയാനം സംഭവിച്ചത്.
അന്തർസംസ്ഥാന യാത്രക്കാരിൽനിന്നാണ് ബഹുഭൂരിപക്ഷ വൈറസ് വ്യാപനവും ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, ട്രാക്കിങ്, ക്വാറൻറീൻ എന്നിവ വളരെ ഫലപ്രദമായിരുന്നുവെന്നും ഗവേഷണം വ്യക്തമാക്കുന്നു.
മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസുകൾ കയറിപ്പിടിക്കാനുള്ള പ്രതലമാക്കുന്നത്. കേരളത്തിൽ ഇപ്പോൾ കണ്ടെത്തിയ രണ്ട് ജനിതകമാറ്റങ്ങളും വൈറസുകൾക്ക് അത്തരത്തിൽ ശക്തിപകരുന്നതാണ്.
ഇൗ ജനിതകമാറ്റം രോഗവ്യാപനം കൂട്ടുമെങ്കിലും മരണവുമായി അതിനെ ബന്ധിപ്പിക്കാവില്ലെന്ന് മുഖ്യഗേവഷക കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറും എമർജൻസി മെഡിസിൻ മേധാവിയുമായ ഡോ. ചാന്ദ്നി പറഞ്ഞു. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കോവിഡിെൻറ കാര്യത്തിൽ ഹൈറിസ്കിൽ തന്നെയെന്നും അവർ പറയുന്നു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നേതൃത്വം നൽകിയ പഠനത്തിൽ മെഡിസിൻ, മൈക്രോബയോളജി എന്നീ വകുപ്പുകളിൽനിന്നുള്ള 14 ഡോക്ടർമാരുടെയും ഗവേഷകരുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഡൽഹി സി.എസ്.ഐ.ആറിലെ ഡോ. വിനോദ് സ്കറിയക്കായിരുന്നു ഏകോപന ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.