കടലിൽ മുങ്ങിയ ഫൈബർ വള്ളത്തിലെ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഅഴീക്കോട്: മത്സ്യബന്ധനത്തിനിടെ തകർന്ന് ആഴക്കടലിൽ മുങ്ങിക്കൊണ്ടിരുന്ന വള്ളത്തിലെ നാല് തൊഴിലാളികളെ മത്സ്യവകുപ്പിന്റെ സുരക്ഷ ബോട്ട് രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, ഏലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തി മുനമ്പം ഹാർബറിലെത്തിച്ചത്.
രണ്ടുദിവസം മുമ്പ് മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണിയുടെ ‘അൽഭുത മാത’ ഫൈബർ വള്ളമാണ് അഴീക്കോട് അഴിമുഖത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ അഞ്ചങ്ങാടിക്ക് വടക്ക് പടിഞ്ഞാറ് അപകടത്തിൽപ്പെട്ടത്. രാത്രിയായതിനാലും ആശയ വിനിമയ സംവിധാനങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ഞായറാഴ്ച രാത്രി പത്തിനാണ് കടലിൽ വഞ്ചി തകർന്ന് വെള്ളം കയറുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്. വലയും എൻജിനും പിടിച്ച മീനും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സെബിൻ ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ,ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.