നാലുവർഷ ബിരുദ കോഴ്സ്; ഉന്നത വിദ്യാഭ്യാസ വകുപ്പും കൗൺസിലും ഏറ്റുമുട്ടലിൽ
text_fieldsതിരുവനന്തപുരം: പാഠ്യപദ്ധതി തയാറാക്കൽ ഉൾപ്പെടെ മുന്നൊരുക്കങ്ങൾ നടത്താതെ സംസ്ഥാനത്ത് ബിരുദ കോഴ്സുകൾ മൂന്നുവർഷത്തിൽനിന്ന് നാലുവർഷത്തിലേക്ക് മാറ്റാൻ ശ്രമം. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും ഭിന്നതയിലായതോടെ ഈ മാസം അഞ്ചിന് മുഖ്യമന്ത്രി സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗം വിളിച്ചു. കഴിഞ്ഞ 30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിളിച്ച യോഗത്തിൽ നാലു ബിരുദ വർഷ കോഴ്സ് അടുത്ത അധ്യയന വർഷത്തിൽ (2024-25) മാത്രമേ തുടങ്ങാൻ പാടുള്ളൂവെന്ന് വി.സിമാർ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, കൂടുതൽ സമയം ആവശ്യമില്ലെന്നും ഈ വർഷം തന്നെ നടപ്പാക്കാമെന്നുമുള്ള നിലപാടാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻഗുരുക്കൾ സ്വീകരിച്ചത്. നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം തന്നെ തുടങ്ങണമെന്ന നിലപാട് മുഖ്യമന്ത്രിയെയും അറിയിച്ചു. പിന്നാലെ, ഈ വർഷം തന്നെ നാലുവർഷത്തിലേക്ക് മാറാൻ കൗൺസിൽ സർവകലാശാലകൾക്ക് മേൽ സമ്മർദവും ശക്തമാക്കി. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും കൗൺസിലും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വി.സിമാരുടെ യോഗം വിളിച്ചത്.
നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശിൽപശാലയിലും ചർച്ചകളിലും അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെയുള്ളവർ നാലുവർഷ ബിരുദ കോഴ്സ് 2024ൽ മാത്രമേ ആരംഭിക്കാവൂവെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ, സർക്കാർ രൂപവത്കരിച്ച ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയും 2024ൽ മാറ്റം കൊണ്ടുവന്നാൽ മതിയെന്ന നിലപാട് സ്വീകരിച്ചു. സംസ്ഥാന കരിക്കുലം കമ്മിറ്റി തയാറാക്കുന്ന മാതൃക കരിക്കുലമനുസരിച്ച് സർവകലാശാലകൾ സിലബസ് പരിഷ്കരണം നടത്തണം. ഇതിനുള്ള നടപടികൾ സർവകലാശാലതലത്തിൽ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഏപ്രിലിൽ കരിക്കുലം പരിഷ്കരണം സംബന്ധിച്ച് സർക്കാർ സംഘടിപ്പിച്ച ശിൽപശാലയിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഡോ. രാജൻഗുരുക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ മന്ത്രി ഡോ. ബിന്ദു പരസ്യമായി തള്ളിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് അഭിപ്രായ ഭിന്നത പുറത്തുവന്നത്. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ വി.സിമാർ സ്വീകരിക്കുന്ന നിലപാടനുസരിച്ചായിരിക്കും നാലുവർഷ ബിരുദ കോഴ്സ് ഏതു വർഷം മുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
വി.സിമാർ ബുദ്ധിമുട്ടറിയിച്ചു -മന്ത്രി
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായി അഭിപ്രായ ഭിന്നതയില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു. ഈ വർഷം തന്നെ നടപ്പാക്കുന്നതിൽ സർവകലാശാലകൾ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഈ വർഷം നടപ്പാക്കാൻ കഴിയുന്നവർ ഇത്തവണയും അതിന് സാധിക്കാത്തവർ അടുത്ത വർഷവും നടപ്പാക്കട്ടെയെന്നാണ് വി.സിമാരുടെ യോഗത്തിൽ തീരുമാനിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ മന്ത്രിയെന്ന നിലയിൽ താനാണെന്നും സർവകലാശാലകൾക്കുമേൽ കൗൺസിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.