നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള കോഴ്സുകളുടെ പുനഃസംഘടന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷക്കുവേണ്ടിയുള്ള പഠിപ്പിക്കലും പരീക്ഷ മാത്രം മുന്നിൽകണ്ടുള്ള പഠിക്കലും ഇനിയുണ്ടാകരുത്. വൈജ്ഞാനിക മേഖലയിൽ താൽപര്യമുള്ളത് എന്തും വിദ്യാർഥികൾക്ക് പഠിക്കാം. അതാണ് നാലുവർഷ ബിരുദത്തിന്റെ ഗുണം.
ഒരു ബാച്ച് വിദ്യാർഥികളുടെ പഠനം പൂർത്തിയാകുന്നത് വരെയുള്ള മാറ്റങ്ങളെ സൂക്ഷ്മമായി കോളജുകളും സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പും വിലയിരുത്തണം. അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് മുന്നോട്ടുപോകാനുള്ള സാധ്യതകൾ തുറന്നുവെക്കുന്ന രീതിയിൽ കോഴ്സുകൾ സമഗ്രമായി പരിഷ്കരിക്കും. നിലവിലെ മാറ്റങ്ങൾ ടീച്ചിങ്, ലേണിങ്, ഇവാല്വേഷൻ മേഖലകളിലാണ് കൊണ്ടുവന്നതെങ്കിൽ അടുത്ത ഘട്ടത്തിൽ നിലവിലുള്ള കോഴ്സുകളുടെ പുനഃസംഘടനയാണ് നടത്തേണ്ടത്.
നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴേ ലോകനിലവാരത്തിലേക്ക് എത്തുന്നുള്ളൂ. പുറം രാജ്യങ്ങളിൽ റിസർച് ആൻഡ് ഡെവലപ്മെന്റ് മേഖലക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് എന്ന മറുപടി ലഭിച്ചേക്കാം. എന്നാൽ, പരീക്ഷകൾക്കുവേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ രീതി ഇൻഹൗസ് എക്സലൻസ് സാധ്യമാകാത്തതിന്റെ പ്രധാന കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷതവഹിച്ചു.
ഒന്നാം വർഷ വിദ്യാർഥികൾക്ക് സ്വീകരണമൊരുക്കിയും പുതിയ ബിരുദ കോഴ്സിനെക്കുറിച്ചുള്ള ബോധവത്കരണവും ഉൾപ്പെടെ വിജ്ഞാനോത്സവത്തോടെയാണ് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.