നിപയുടെ നാലാംവരവ്: പ്രതിരോധം ശക്തം; വൈറസ് വഴികൾ അജ്ഞാതം
text_fieldsതിരുവനന്തപുരം: നിപയുടെ നാലാം വരവ് നേരിടാൻ പഴുതടച്ച പ്രതിരോധവുമായി സംവിധാനങ്ങൾ സജ്ജമാണെങ്കിലും വൈറസ് ബാധ ആവർത്തിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കുന്നു. കോവിഡ് പോലെ വ്യാപാനത്തോതിൽ ‘മഹാമാരി’യല്ലെങ്കിലും ഉയർന്ന മരണ നിരക്കാണ് നിപയുടെ കാര്യത്തിലെ പ്രധാന വെല്ലുവിളി. 2018 നെ അപേക്ഷിച്ച് രോഗവ്യാപന നിയന്ത്രണം ഫലപ്രദമാണെങ്കിലും രോഗബാധ ആവർത്തിക്കുന്നതിന് കാരണമെന്തെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. വീണ്ടും രോഗം വരുന്ന സാഹചര്യത്തിൽ ചിട്ടയായ എപ്പിഡമിയോളജി - പാരിസ്ഥിതിക - വൈറോളജിക - ജിനോമിക പഠനങ്ങൾ വേണമെന്നും ഇതിനായി ഒരു മൾട്ടി-ഡിസിപ്ലിനറി സംഘത്തിന് രൂപം നൽകണമെന്നുമുള്ള ആവശ്യം നിപയുടെ മൂന്നാം വരവിൽ തന്നെ ഉയർന്നിരുന്നു.
മുമ്പുണ്ടായ മൂന്ന് ഘട്ടങ്ങളിലും ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എങ്ങനെ രോഗം കിട്ടി എന്ന് കണ്ടെത്താനായിയിരുന്നില്ല. രോഗപ്പടർച്ച തടയുന്നതിനൊപ്പം ഇക്കുറിയുള്ള പ്രധാന ദൗത്യങ്ങളിലൊന്ന് ആദ്യ രോഗിക്ക് വൈറസ് ബാധ എങ്ങനെയുണ്ടായി എന്നത് കണ്ടെത്തലാണ്. അതേസമയം, ആദ്യം മരിച്ച രോഗിയുടെ സാമ്പിളുകൾ ശേഖരിക്കുകയോ പരിശോധനക്ക് അയക്കുകയോ ചെയ്തിട്ടില്ലെന്നത് വെല്ലുവിളിയാണ്. ടെറോപസ് വിഭാഗത്തിലെ പഴം തീനി വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സ് എന്നാണ് ആരോഗ്യവകുപ്പ് നിഗമനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി 2019ൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഇക്കാര്യം അടിവരയിടുന്നു.
2018ൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ രോഗികളിൽനിന്നു ശേഖരിച്ച സാമ്പിളുകളിലേയും മേഖലയിൽനിന്ന് ശേഖരിച്ച വവ്വാലുകളിൽനിന്നു കണ്ടെത്തിയ വൈറസിലെയും സാമ്യം 99.7 ശതമാനം മുതൽ 100 ശതമാനം വരെയാണ്. അപ്പോഴും മനുഷ്യരിലേക്കുള്ള ഇവയുടെ പടർച്ച വഴി അജ്ഞാതമാണ്. മസ്തിഷ്ക ജ്വരവും (എൻകഫലൈറ്റിസ്) അനുബന്ധ ഗുരുതരാവസ്ഥകളുമാണ് മുമ്പുണ്ടായ കേസുകളിലെ നിപ ലക്ഷണങ്ങളെങ്കിൽ ഇപ്പോൾ ഗുരുതര ശ്വാസകോശ രോഗങ്ങളുടെ സ്വഭാവത്തിലാണ്. വൈറസിലുണ്ടായ ജനിതക മാറ്റമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ വൈറസുകൾ കാരണമുണ്ടാവുന്ന മസ്തിഷ്ക രോഗകേസുകളിൽ വലിയൊരു ഭാഗവും കാരണം കണ്ടെത്താതെ പോവുകയാണിപ്പോഴും. ഇവയെല്ലാം ഇവിടെതന്നെ പരിശോധിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യമുണ്ട്. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികൾ ചിട്ടയോടെ നടത്താനുള്ള സംവിധാനങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. കോവിഡ് വന്നതു മൂലം രോഗനിർണയ -തീവ്ര ചികിത്സാ സംവിധാനങ്ങളിൽ വന്ന പുരോഗതിയും പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.