ജിഷ്ണു പ്രണോയിയുടെ ഓർമകൾക്ക് ഇന്നേക്ക് നാലു വർഷം
text_fieldsനാദാപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരിക്കെ ദുരൂഹമായി മരണപ്പെട്ട വളയത്തെ ജിഷ്ണു പ്രണോയിയുടെ ഓർമകൾക്ക് ബുധനാഴ്ച നാലു വർഷം. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മരണം സ്വാശ്രയ മേഖലയിലെ ഒട്ടേറെ മാറ്റങ്ങൾക്ക് വഴിതെളിെച്ചങ്കിലും നാലു വർഷം തികഞ്ഞിട്ടും കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ്, പിന്നീട് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് പ്രതി ചേർത്ത ഒന്നാം പ്രതി കോളജ് ചെയർമാൻ കൃഷ്ണദാസ്, രണ്ടാം പ്രതി പി.ആർ.ഒ സഞ്ജിത് വിശ്വനാഥ്, അഞ്ചാം പ്രതി ദിപിൻ എന്നിവരെ ഒഴിവാക്കി പ്രിൻസിപ്പൽ ശക്തിവേലു, അധ്യാപകൻ സി.പി. പ്രവീൺ എന്നിവരെ പ്രതിചേർത്താണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. കൃഷ്ണദാസ്, സഞ്ജിത് വിശ്വനാഥ് എന്നിവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രത്തിൽ ഒഴിവാക്കിയ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മാതാപിതാക്കൾ പറഞ്ഞു. ചരമ ദിനമായ ജനുവരി ആറിന് വിപുലമായ പരിപാടികളാണ് ജന്മനാട്ടിൽ ഒരുക്കിയത്. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. വൈകീട്ട് അഞ്ചിനു വളയം കല്ലുനിരയിൽ അനുസ്മരണ പരിപാടി നടക്കും. മേഖലയിലെ വിവിധ ക്ലബുകളും അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.