ഫ്രാേങ്കാ മുളയ്ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ സുപ്രധാന മൊഴി നൽകിയ വൈദികൻ കുര്യാക്കോസ് കാട്ടുതറയെ (61) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിനടുത്ത ഹോഷിയാർപൂർ ജില്ലയിലെ ദസൂയ സെൻറ് പോൾസ് കോൺവെൻറ് സ്കൂൾ വളപ്പിലെ സ്വന്തം മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലാണ് മരണമെന്ന് പഞ്ചാബ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
കേരള ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജലന്ധറിൽ തിരിച്ചെത്തിയ ഫ്രാേങ്കാക്ക് വൻ വരവേൽപ് ഒരുക്കിയതിന് പിറകെയാണ് മൊഴി നൽകിയ പ്രധാന സാക്ഷിയുടെ ദുരൂഹ മരണം. 15 ദിവസം മുമ്പ് ദസൂയയിലേക്ക് ഫാദർ കുര്യാക്കോസിനെ സ്ഥലം മാറ്റിയത് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ മൊഴി നൽകിയതിെൻറ പ്രതികാര നടപടിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. അദ്ദേഹം സ്വന്തം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ബന്ധുക്കൾ ആലപ്പുഴയിൽ പോസ്റ്റ് മോർട്ടം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ഞായറാഴ്ച കുർബാനയും ഉച്ചഭക്ഷണവും കഴിഞ്ഞ് സ്വന്തം മുറിയിലേക്ക് പോയതാണ് വൈദികൻ. ഞായറാഴ്ച അത്താഴത്തിനും തിങ്കളാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിനും വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽചവിട്ടിത്തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മരണ കാരണം ദുരൂഹമായി തുടരുകയാണ്. മരിച്ചത് എപ്പോഴാണെന്നതും വ്യക്തമായിട്ടില്ല. തിങ്കളാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഫാദർ കുര്യാക്കോസിനെ സ്ഥലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ആർ. ശർമ പറഞ്ഞു. മരിച്ചനിലയിലാണ് എത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിഷപ്പിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച സഭയിലെ മുതിർന്ന വൈദികനാണ് കുര്യാക്കോസ്. 2014 മേയിലും അതിനുശേഷവും കുറുവിലങ്ങാട് അതിഥി മന്ദിരത്തിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കന്യാസ്ത്രീയുടെ പരാതി ഫാദർ കുര്യാക്കോസ് സാക്ഷ്യപ്പെടുത്തിയിരുന്നു.
പ്രായംകൊണ്ടുള്ള ചില്ലറ അസുഖങ്ങളല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം, ബിഷപ്പിനെതിരായ കേസില്‍ ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. പരാതിക്കാരായ കന്യാസ്ത്രീകൾക്കൊപ്പം നിന്നതിൽ ഫ്രാേങ്കാ മുളയ്ക്കലിന് തന്നോട് പകയുണ്ടായിരുന്നുെവന്ന് ഫാദർ കുര്യാക്കോസ് നിരന്തരം വിളിച്ചുപറഞ്ഞിരുന്നുവെന്നും താൻ പഠിപ്പിച്ച വൈദികരുടെ പെരുമാറ്റംപോലും വിഷമമുണ്ടാക്കുന്ന തരത്തിലാണെന്നും കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. നേരത്തേ കേസുമായി ബന്ധപ്പെട്ട് തുറന്നു സംസാരിക്കാൻ തയാറായിരുന്ന കുര്യാക്കോസ് പിന്നീടുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് നിശ്ശബ്ദനായിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ഫോണിൽപോലും സംസാരിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും കുര്യാക്കോസ് ബന്ധുമിത്രാദികളോടും മാധ്യമപ്രവർത്തകരോടും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.