ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതർ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നു -ഫാ. പോള്‍ തേലേക്കാട്ട്
text_fieldsനാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവും ചിന്തകനുമായ ഫാ. പോള്‍ തേലേക്കാട്ട്. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടാകാം. ഇതിന് കാരണം സ്വാര്‍ഥപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി ചേരുന്നതുകൊണ്ടാണ്. അത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാകുക, നന്മയും തിന്മയും വേര്‍തിരിക്കുന്ന ഉത്തരവാദിത്തം ആര്‍ക്കും വിട്ടു കൊടുക്കാതിരിക്കുക എന്നതാണ് ഇത്തരം അവസരങ്ങളില്‍ ചെയ്യേണ്ടതെന്നും 'ഏഷ്യാവിൽ' വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
പാല ബിഷപ്പിന്‍റെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കരില്‍ ഭൂരിപക്ഷവും അംഗീകരിച്ചിട്ടില്ല. ചിലര്‍ അവിടെയും ഇവിടെയും കൂടിയിട്ടുണ്ടാകും. പൊതുവില്‍ ബിഷപ്പിന് തെറ്റുപറ്റിയെന്നാണ് സമൂഹം കരുതുന്നത്. ആരും എടുത്തുചാടിയിട്ടില്ല. തെറ്റ് കണ്ടാല്‍ തിരുത്താനുള്ള കൗണ്ടര്‍ കള്‍ച്ചര്‍ ഉണ്ട്. ഇതുകൊണ്ടാണ് മൗലിക വാദത്തിന് വേരുപിടിക്കാന്‍ കഴിയാത്തത്. ഇത് ഈ സമൂഹത്തിലെ എല്ലാവരുടെയും -ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും- പ്രത്യേകതയാണ്. ബി.ജെ.പിയ്ക്ക് കേരളത്തില്‍ സീറ്റ് കിട്ടിയിട്ടില്ല. അത് ഹിന്ദു സമൂഹത്തിന്‍റെ ഗുണമാണെന്നും പോൾ തേേലക്കാട്ട് പറയുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും എല്ലാവരും എതിര്‍ക്കുകയാണ് ചെയ്തത്. അതേസമയം ചിലര്‍ അവിടെ വരുകയും അദ്ദേഹത്തിന് എല്ലാ സംരക്ഷണം നല്‍കണമെന്ന് പറയുകയും ചെയ്തു. അതായത് ഏത് വിഷയത്തേയും വര്‍ഗീയമായി ഉപയോഗിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടെന്നതാണ്. ഇതൊരു പ്രതിസന്ധിയാണ്. സാമുദായിക സ്പര്‍ധയുടെ അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത് തിരിച്ചറിയുന്ന രാഷ്ട്രീയ മത നേതാക്കള്‍ വളരെയേറെ ജാഗ്രത പുലര്‍ത്തണം.
നേതാക്കന്മാര്‍, മെത്രാന്മാര്‍, വൈദികര്‍, മൗലവിമാര്‍ എന്നിവര്‍ അവര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കുമിടയില് ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാതെ പോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. വ്യക്തികള്‍ പല കുറ്റവും ചെയ്യും. അതിനെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഒരു സംഭവത്തെ മുസ്ലിം കൊലപാതകമെന്ന് പറഞ്ഞാല്‍ മറ്റൊന്നിനെ കത്തോലിക്ക കൊലപാതകമെന്നും വിശേഷിപ്പിക്കേണ്ടിവരും എന്നായിരുന്നു മാർപാപ്പയുടെ നിലപാട്. ആരെയും അവഹേളിക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തരുത്.
ലോകം ഇന്നൊരു ഗ്രാമമാണ്. ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍നിന്ന് പറയുന്ന നിസാര കാര്യങ്ങള്‍ എവിടെയൊക്കെ സഞ്ചരിക്കും എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് പറയാന്‍ കഴിയില്ല. നാസി ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞത് നുണയാണ്. ഹിറ്റ്‌ലറുടെ നുണ എത്ര ദുരന്തം വിതച്ചുവെന്ന് നമുക്കറിയാം.
കേരളത്തിെന്റ ചരിത്രം നോക്കിയാല്‍ ഇവിടെ ആധിപത്യം ചെലുത്തിയത് സവര്‍ണ ഹിന്ദുക്കള്‍ ആയിരുന്നു. സര്‍ക്കാര്‍ ജോലിയും ഭൂമിയും എല്ലാം അവര്‍ക്കായിരുന്നു. മുസ്ലിംകൾ, ഈഴവര്‍, ക്രൈസ്തവര്‍ എന്നിവര്‍ ജോലിക്കാര്‍ മാത്രമായിരുന്നു. ഇവരുടെ ജീവിതവും അത്തരത്തിലുള്ളതായിരുന്നു.
ഇവിടുത്തെ ക്രിസ്ത്യാനികള്‍ പണ്ട് ബ്രാഹ്മണര്‍ ആണെന്ന മിഥ്യ ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നു. അത് സമ്മതിച്ചുകൊടുക്കാന്‍ ബി.ജെ.പിയും തയ്യാറാണ്. അങ്ങനെ ക്രൈസ്തവരെ കൂടെ നിര്‍ത്താമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അധികാരത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നത് ചിലരുടെ ഒരു രീതിയാണ്. ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഇത്തരത്തില്‍ ഉണ്ട് -ഫാ. തേലേക്കാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.