മാരാരിക്കുളത്ത് വി.എസിനെ വീഴ്ത്തിയ ഫ്രാൻസിസ്; പ്രതീക്ഷിച്ചത് ‘ഹാട്രിക്’ തോൽവി
text_fieldsആലപ്പുഴ: ‘‘1996ൽ മാരാരിക്കുളത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി ഉയർത്തിക്കാണിച്ച വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചപ്പോൾ പേടിയുണ്ടായിരുന്നില്ല.
കാരണം, ജയിക്കാൻ വേണ്ടിയല്ലല്ലോ പാർട്ടി എന്നെ അവിടെ മത്സരിപ്പിച്ചത്. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിലാണെങ്കിലല്ലേ ഭയമുണ്ടാകുകയുള്ളൂ...’’ ആലപ്പുഴ കോൺവെൻറ് സ്ക്വയറിലെ പള്ളിക്കത്തയ്യിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന 87കാരൻ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ജെ. ഫ്രാൻസിസ് എൽ.ഡി.എഫ് കോട്ടയിൽ വി.എസിനെ മുട്ടുകുത്തിച്ച ആ ചരിത്രനിമിഷം ഓർത്തെടുത്തപ്പോൾ ആദ്യംപറഞ്ഞ വാക്കുകളാണിത്.
മാരാരിക്കുളം ഇടതുകോട്ടയാണ്. അവിടെ കോൺഗ്രസുകാർക്ക് ജയിക്കാനാകില്ല. ജയിക്കാനുള്ള കാരണം ഒരുവിഭാഗം സി.പി.എമ്മുകാർക്ക് വി.എസ്. അച്യുതാനന്ദനോടുള്ള കടുത്ത വിരോധമാണ്. അന്ന് പാർട്ടി പ്രവർത്തകരും നാട്ടുകാരും എതിരായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലടക്കം വോട്ടുചോദിച്ചാൽ മുഖംതിരിഞ്ഞ് നിൽക്കുന്ന പെണ്ണുങ്ങളടക്കമുള്ളവർ അടുത്തെത്തി സംസാരിച്ചിരുന്നു. എതിരാളിയാണെന്ന മനോഭാവത്തിൽ ഒഴിവാക്കിവിടുന്ന അക്കാലത്തെ അനുഭവം മറക്കാനാവാത്തതാണ്.
1965 വോട്ടിനായിരുന്നു അന്ന് പി.ജെ. ഫ്രാൻസിസ് വി.എസിനെ വീഴ്ത്തിയത്. ഒരുപക്ഷേ, കോൺഗ്രസുകാർപോലും ചിന്തിക്കാത്ത അട്ടിമറി ജയം. 1987ലെ തെരഞ്ഞെടുപ്പുകാലത്ത് ആലപ്പുഴ സീറ്റാണ് നിശ്ചയിച്ചിരുന്നത്. അന്നത്തെ ഘടകക്ഷിയായ എൻ.ഡി.പി ഈ സീറ്റ് ആവശ്യപ്പെട്ടതോടെ ലീഡർ കെ. കരുണാകരൻ അരൂരിൽ മത്സരിക്കാൻ നിർദേശിച്ചു.
1987ലും 1991ലും അരൂരിൽ ഗൗരിയമ്മയുടെ എതിരാളിയായി പരാജയം ഏറ്റുവാങ്ങി. 1996ൽ എ.കെ. ആന്റണിയാണ് മാരാരിക്കുളത്ത് മത്സരിക്കാൻ നിർദേശിച്ചത്. അന്ന് പ്രായം 59 വയസ്സായിരുന്നു. തോല്‍വിയിൽ ഒരു ഹാട്രിക് പ്രതീക്ഷിച്ചാണ് മത്സരിച്ചത്. പക്ഷേ, ഞാൻപോലും പ്രതീക്ഷിക്കാത്ത വിജയമാണുണ്ടായത്. രാഷ്ട്രീയവഴിത്താരയിൽ തുടർപരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടികളാണെന്ന് തെളിയിച്ച ഫ്രാൻസിസ് അന്നുമുതൽ കേരളത്തിന്റെ ഹീറോയാണ്.
പാർട്ടി ജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ്. തോറ്റ തെരഞ്ഞെടുപ്പ്. ലിയോതേർട്ടീന്ത് സ്കൂളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പല ബൂത്തിലും എനിക്ക് ലീഡ് ഉയർന്നു. ഭൂരിപക്ഷം ഉയർന്നതോടെ വേട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് വി.എസ് സ്ഥലംവിട്ടു. ശരീരഭാഷയിലും അത് പ്രകടമായിരുന്നു. പിന്നെ ഇതുവരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടില്ല.
ഒരിക്കൽ ഗെസ്റ്റ് ഹൗസിൽവെച്ച് നേർക്കുനേർ കണ്ടിരുന്നു. അദ്ദേഹം ശ്രദ്ധിക്കാത്തതുപോലെ കടന്നുപോയി. വികാരം വ്രണപ്പെടുത്തേണ്ടെന്ന് കരുതി ഇടിച്ചുകയറി മിണ്ടാനും ശ്രമിച്ചിട്ടില്ല.
ഫ്രാൻസിസിന്റെ ജയത്തോടെ മാരാരിക്കുളത്ത് വിഭാഗീയതയുടെ പേരിൽ ചില നേതാക്കൾ നടപടി നേരിട്ടു. അതിന്റെ അസ്വാരസ്യങ്ങൾ ഏറെക്കാലം പാർട്ടിയെ വേട്ടയാടി. പി.ജെ. ഫ്രാൻസിസിന്റെ വിജയത്തെ വി.എസ്. കോടതിയിൽപോലും ചോദ്യം ചെയ്തുവെന്നതാണ് ചരിത്രം.
കർക്കശക്കാരനായ കമ്യൂണിസ്റ്റുകാരനിൽനിന്ന് വി.എസ്. എന്ന ജനകീയ നേതാവിലേക്ക് രാഷ്ട്രീയശൈലി മാറിയത് മാരാരിക്കുളം മണ്ഡലത്തിലെ വൻവീഴ്ചയായിരുന്നു. ഇടതുകോട്ടയിലെ ‘അട്ടിമറി’ വിജയത്തിന് 28 വർഷം പിന്നിടുമ്പോൾ രാഷ്ട്രീയത്തില്‍ പതിവില്ലാത്ത സ്വയംവിരമിക്കലാണ് ഫ്രാൻസിസ് തെരഞ്ഞെടുത്തത്.
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ ചരിത്രവിഭാഗം മുൻ മേധാവി പ്രഫ. മറിയാമ്മയാണ് ഭാര്യ. പി.എസ്. ജോസ് (കുവൈത്ത്), റോസ്ബി ഫ്രാൻസിസ് (ഷാർജ), ജോണി ഫ്രാൻസിസ് (എൻജീനിയർ ബംഗളൂരു), റീന ഫ്രാൻസിസ് (സി.എ, ബംഗളൂരു) എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.