ഫ്രാങ്കോ മുളക്കലിനെ രക്ഷപ്പെടുത്തിയത് പ്രോസിക്യൂഷൻ; വിധി സ്ത്രീ സുരക്ഷക്ക് വെല്ലുവിളി -വെൽഫെയർ പാർട്ടി
text_fieldsഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാത്സംഗക്കോസിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് സംസ്ഥാന സർക്കാർ പ്രോസിക്യൂഷന്റെ ഒത്തുകളിമൂലമാണെന്ന് വെൽഫെയർ പാർട്ടി. ഇത് തികഞ്ഞ വഞ്ചനയും സ്ത്രീ സുരക്ഷക്ക് വെല്ലുവിളിയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ദുർബലമായ വാദങ്ങൾ ഉന്നയിച്ചും കൃത്യമായ തെളിവുകൾ ഹാജരാക്കാതെയും നടത്തിയ ഒത്തുകളി ആർക്കുവേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. ഫ്രാങ്കോ മുളക്കലിനെതിരെ പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സമയത്തും സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തിയിരുന്നത്. വലിയ പ്രതിഷേധം ഉയരുകയും കന്യാസ്ത്രീ സമൂഹം തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തപ്പോഴാണ് പൊലീസ് നിർബന്ധിതാവസ്ഥയിൽ കേസെടുക്കുന്നത്.
അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ട സന്ദർഭത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടായിട്ടുള്ളത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ 2014 മുതൽ 2016 വരെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. അനേകം ദുരൂഹത നിറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടും വ്യക്തമായ അന്വേഷണം നടത്താൻ പ്രോസിക്യൂഷൻ തയ്യാറായിട്ടില്ല.
ബിഷപ്പിനെതിരെ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവികത ഒന്നുമില്ലെന്നാണ് വിലയിരുത്തിയത്. സർക്കാറിന്റെയും പ്രതിഭാഗത്തിന്റെയും ഒത്തുകളിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം. കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരന്തരം പീഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കന്യാസ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ പൗര സമൂഹം ജാഗ്രത പുലർത്തണം. നവോത്ഥാനത്തിന് ശേഷവും സ്ത്രീകൾക്ക് നീതി നൽകുന്ന ജനാധിപത്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിച്ചില്ലായെന്നത് ഖേദകരമാണ്. വാളയാർ കേസടക്കം പ്രതിലോമകരമായ വിധികളും അന്വേഷണ ഫലങ്ങളും വന്നുകൊണ്ടിരിക്കുന്നത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.