കോട്ടയത്ത് വാടിക്കരിഞ്ഞ് രണ്ടില; കേരള കോൺഗ്രസ് പോരാട്ടത്തിൽ ഫ്രാൻസിസ് ജോർജിന് വിജയം
text_fields44 വർഷത്തിന് ശേഷം കേരള കോൺഗ്രസ് പാർട്ടികൾ നേർക്കുനേർ ഏറ്റുമുട്ടിയ കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം. കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ടുകൾ കൃത്യമായി പോൾ ചെയ്തതോടെ യു.ഡി.എഫ് വിജയം അനായാസമായി.
ഒടുവിലത്തെ കണക്ക് പ്രകാരം ഫ്രാൻസിസ് ജോർജിന്‍റെ ഭൂരിപക്ഷം 80286 വോട്ട് ആണ്. ഫ്രാൻസിസ് 332777ഉം തോമസ് ചാഴിക്കാടനും 252491 വോട്ടും തുഷാർ വെള്ളാപ്പള്ളി 151417 വോട്ടും നേടി. 2019ൽ 1,06,259 ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ 3,14,787 വോട്ടും പി.സി. തോമസ് (എൻ.ഡി.എ) 1,06,259 വോട്ടും നേടിയിരുന്നു.
ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫിനുള്ള സ്വാധീനമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് അനുകൂലമായ ഒരു ഘടകം. കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ യു.ഡി.എഫിന്‍റെയും ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങൾ എൽ.ഡി.എഫിന്‍റെയും കൈവശമുള്ള നിയമസഭ മണ്ഡലങ്ങൾ.
ക്രിസ്ത്യൻ, നായർ, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സമുദായ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. ക്രിസ്ത്യാനികൾ കൂടുതലുള്ള മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന് സഭകളുമായുള്ള ബന്ധം ഗുണമാകുമെന്ന യു.ഡി.എഫ് വിലയിരുത്തലും ശരിയായി. പുരുഷൻമാരേക്കാൾ 40,000ത്തോളം വരുന്ന സ്ത്രീവോട്ടർമാരും തെരഞ്ഞെടുപ്പിൽ നിർണയ ഘടകമായിരുന്നു.
സമുദായ, സ്ത്രീ വോട്ടുകൾ നിർണായകമായ കോട്ടയം മണ്ഡലം യു.ഡി.എഫിന് നേരിയ മുൻതൂക്കമുണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പറഞ്ഞ് കേട്ടതാണ്. മറുകണ്ടം ചാടലും വ്യക്തിഹത്യയും പ്രചാരണ രംഗത്തെ ഇളക്കി മറിച്ചെങ്കിലും മണ്ഡലത്തിന്റെ പൊതുസ്വഭാവം യു.ഡി.എഫിന് അനുകൂലമായത് വിജയത്തിന് വഴിയൊരുക്കി. സിറ്റിങ് എം.പിയും കേരള കോൺഗ്രസ്-എം സ്ഥാനാർഥിയുമായ തോമസ് ചാഴിക്കാടന്റെ വ്യക്തിപ്രഭാവം രാഷ്ട്രീയ പോരിൽ ഇക്കുറി ഗുണം ചെയ്തില്ല. പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ ചേരിതിരിവുകളും ജനവിധിയിൽ പ്രതിഫലിച്ചു.
കോട്ടയത്തെ രാഷ്ട്രീയ അതികായരായ ഉമ്മൻ ചാണ്ടിയും കെ.എം മാണിയും ഇല്ലാത്ത ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത നിലനിൽക്കുമ്പോഴാണ് കേരള കോൺഗ്രസ് ഇരുവിഭാഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയത്. മാണിയുടെ വിയോഗത്തിനു ശേഷം, അദ്ദേഹത്തിന്റെ പാർട്ടി മകൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫുമായി ചേർന്നു. ഈ നീക്കം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് നേട്ടം നൽകുകയും ചെയ്തു. എന്നാൽ, മുന്നണി വിട്ട കേരള കോൺഗ്രസിന്‍റെ പ്രതിനിധി ഇനി ലോക്സഭ കാണിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോട്ടയത്തെ കോൺഗ്രസും യു.ഡി.എഫും.
മണ്ഡലത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് സാധിക്കുമെന്ന എൻ.ഡി.എ പ്രതീക്ഷ സഫലമായി. 2019ൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പി.സി. തോമസ് നേടിയ 1,06,259 വോട്ട് ഒന്നര ലക്ഷമായി ഉയർത്താൻ തുഷാറിന് സാധിച്ചു. ഈഴവ വോട്ടുകളിൽ നല്ലൊരു ഭാഗം തുഷാർ സമാഹരിച്ചത് എൽ.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.