കേരള സ്റ്റോറിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsന്യൂഡൽഹി: വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. അഡ്വ. ചൗധരി അലി സിയ കബീർ മുഖേന ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറാണ് പെറ്റിഷൻ ഫയൽ ചെയ്തത്.
വസ്തുതാ വിരുദ്ധമായ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സിനിമ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് നിർമ്മിച്ചതെന്ന് ട്രെയിലറിൽ അവകാശപ്പെടുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാണിച്ചു. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും സിനിമ അവകാശപ്പെടുന്നു. എന്നാൽ തെളിവുകളുടെ പിൻബലമില്ലാത്ത വെറും വ്യാജ ആരോപണങ്ങൾ മാത്രമാണിത്.
സിനിമ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെക്കുന്നതും മുസ്‌ലിംകൾക്കെതിരെ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതുമാണെന്ന് കേരള മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങൾ നേരെത്തെ അഭിപ്രായപ്പെട്ടതാണ്. സംസ്ഥാസ് പൊലീസ് വകുപ്പുകളും എൻ.ഐ.എ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയും വിവിധ ഹൈകോടതികളും നിഷേധിച്ച ‘ലൗ ജിഹാദ്’ എന്ന വ്യാജ നിർമ്മിതി സിനിമയിൽ ആവർത്തിക്കുന്നു. ലൗ ജിഹാദ് ഒരു മിത്താണെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാർലമെന്റിനെ അറിയിച്ച കാര്യമാണ്.
എന്നാൽ മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പും ഭീതിയും സൃഷ്ടിക്കാൻ ബി.ജെ.പി ഈ ആശയത്തെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ വിവരങ്ങളുടെ കേവല വിപുലീകരണം മാത്രമായാണ് ഈ സിനിമയെ കാണാൻ കഴിയുക. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു തീവ്രവിഭാഗം മുസ്‌ലിംകളല്ലാത്ത സ്ത്രീകളെ കെണിയിൽ വീഴ്ത്താനുള്ള നീക്കങ്ങൾ നടത്തുന്നുവെന്ന, സിനിമ ഉന്നയിക്കുന്ന അവകാശവാദങ്ങൾ ഒരു ഗൂഢാലോചന സിദ്ധാന്തമാണ്. ഇതാവട്ടെ മുസ്‌ലിംകൾക്കെതിരെയുള്ള ദുരുദ്ദേശപരമായ അപവാദ പ്രചരണവും വ്യാജവുമാണെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതുമാണ്. ഇത് ഇന്ത്യയുടെയും മത നിരപേക്ഷ സാമൂഹ്യ ചുറ്റുപാടുള്ള കേരളത്തിലെയും സമുദായങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാനുള്ള ഹീന ശ്രമത്തിന്റെ ഭാഗമാണെന്നത് തീർച്ചയാണ്. പ്രസ്തുത സിനിമ മത നിരപേക്ഷത തകർക്കുന്നതും രാജ്യത്തിന്റെ ദേശീയോദ്ഗ്രഥന നയത്തിന് എതിരുമാണെന്ന് ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു.
ഈ സിനിമ ബഹിഷ്കരിക്കുന്നതോടൊപ്പം ഏതെങ്കിലുമൊരു സമുദായത്തിനു നേരെ ഭയവും വെറുപ്പും വളർത്താനുള്ള എല്ലാ ശ്രമമങ്ങളെയും ചെറുക്കാൻ രാജ്യത്തെ ഉത്തരവാദിത്ത ബോധമുള്ള പൗരന്മാർ മുന്നോട്ടുവരണമെന്നും ലുബൈബ് ബഷീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.