കേരളത്തിൽ ജൂൺ 27 ന് വിദ്യാഭ്യാസ ബന്ദ്- ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsഎറണാകുളം: മലബാർ ജില്ലകളിലെ ഹയർസെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ പിടിച്ചു കുലുക്കിയ ഇടതു- എസ്.എഫ്.ഐ അട്ടിമറികളിലും പ്രതിഷേധിച്ച് കൊണ്ട് ജൂൺ 27 ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ അറിയിച്ചു.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്ത് വന്നപ്പോൾ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല എന്നത് മലബാർ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നതാണ്. 30ശതമാനം മാർജിനൽ സീറ്റ് വർധനവ് മാത്രം നടത്തിക്കൊണ്ട് മലബാറിലെ വിദ്യാർഥികളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഓപ്പൺ സ്കൂളിലേക്ക് തള്ളി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഓപ്പൺ സ്കൂളിനെ ആശ്രയിച്ച 38726 പേരിൽ 31505 പേരും മലബാറിൽ നിന്നുള്ള വിദ്യാർഥികളാണ്. അതിൽ 15988 പേരും മലപ്പുറത്ത് നിന്നുള്ളവരാണ്.
പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46133 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. ഈ വിവേചനത്തിന്റെ കണക്കുകൾ മുന്നിലുള്ളപ്പോഴാണ് അലോട്ട്മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും എല്ലാ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നത്. മലബാർ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാൻ മതിയായ രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മീഷന്റെ ശുപാർശയെ അവഗണിച്ച് കൊണ്ടും ആ റിപ്പോർട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാർ മേഖലയിലെ വിദ്യാർഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷം ചെയ്യുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എസ്.എഫ്.ഐ യുടെയും ഇടത് പക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മാഫിയകളാണ്. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ അട്ടിമറികളുടെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന എസ്.എഫ്.ഐ നേതാക്കളായിരുന്ന കെ.വിദ്യയുടെയും നിഖിൽ തോമസിന്റെയും വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ.
സംവരണ അട്ടിമറിയും അനധികൃത അഡ്മിഷനുമൊക്കെ കേവലം വ്യക്തികൾ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. ഇതിന് പിന്നിൽ ഇടത് പക്ഷ അധ്യാപക-അനധ്യാപക സംഘടനകളുടെ കൃത്യമായ പിന്തുണയും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ട്. അത് കേവലം വ്യക്തികളുടെ പിഴവ് മാത്രമായി വ്യാഖ്യാനിക്കാതെ ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും അന്വേഷിച്ച് കണ്ടെത്താൻ പോലീസ് തയ്യാറാകേണ്ടതുണ്ട്. കെ.വിദ്യ കാലടി സർവകലാശാലയിൽ പി.എച്ച്.ഡി അഡ്മിഷൻ നേടിയത് സംവരണം അട്ടിമറിച്ച് കൊണ്ടാണെന്ന സർവ്വകലാശാലയുടെ എസ്.സി-എസ്.ടി സെൽ റിപ്പോർട്ട് യൂണിവേഴ്സിറ്റി തലത്തിൽ ഇടത് പക്ഷ അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടിഎ, എ.കെ.പി.സി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ മാഫിയ നിലനിൽക്കുന്നു എന്ന ആരോപണത്തെ ശരി വെക്കുന്നതാണ്.
സി.പി.എമ്മിന് തൽപരരായ ഉദ്യോഗാർത്ഥികളെ തിരുകിക്കയറ്റാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സംവരണ ക്രമത്തെ അട്ടിമറിച്ചു എന്ന പരാതി ഉയർന്ന് വന്നത് ഇതിനോട് കൂട്ടിച്ചേർക്കേണ്ടതാണ്. സംവരണ അട്ടിമറി കാരണം അവസരം നഷ്ടപ്പെട്ട ഡോ.അനുപമക്ക് അനുകൂലമായി ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ വർഷം നടത്തിയ 59 അസിസ്റ്റന്റ് പ്രഫസർമാരിൽ 29 പേർ ഊഴം തെറ്റിയാണ് നിയമിച്ചതെന്ന പരാതിക്കാരുടെ വാദത്തെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അവസരം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികളെ തിരിച്ചെടുക്കാൻ സർവകലാശാല ഇത് വരെയും തയ്യാറായിട്ടില്ല.
കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങളിലെയും പി.എച്ച്.ഡി പ്രവേശനത്തിലെയും സംവരണ അട്ടിമറിയെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് കൊണ്ട് സമഗ്ര അന്യേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും കെ.എം ഷെഫ്റിൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി തഷ്രീഫ്, സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി, ജില്ല ജനറൽ സെക്രട്ടറി അംജദ് എടത്തല, സെക്രട്ടറി പി. മന്ന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.