സംഘ് പരിവാർ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റിയുടെ രാജ്ഭവൻ മാർച്ച്
text_fieldsതിരുവനന്തപുരം: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകളെ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്റിൻ. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ, വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്മാൻ ആവശ്യപ്പെട്ടു. രാമനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് ആണെന്ന് മാർച്ചിൽ സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്‌റഫ് ആവശ്യപ്പെട്ടു.
മ്യൂസിയം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവൻ റോഡിലേക്ക് കയറിയ ഉടനെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ചിന് ലത്തീഫ് പി.എച്ച്, നുജയിം പി.കെ, ശഹീൻ ശിഹാബ്, തശരീഫ് കെ.പി, ഫാത്തിമ നൗറീൻ, നബിൽ അഴീക്കോട്, സയീദ് ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.