ആകാശവാണിയിലേക്ക് മാർച്ച് നടത്തിയവർക്കെതിരെ ട്രെയിൻ തടഞ്ഞതിന് കേസ്; സി.എ.എ സമരക്കാർക്കെതിരെ വ്യാജ കേസെന്ന് ഫ്രറ്റേണിറ്റി
text_fieldsകോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ ട്രെയിൻ തടഞ്ഞുവെന്ന വ്യാജകുറ്റം പൊലീസ് ചുമത്തിയതായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. വിദ്യാർഥികളെ ജാമ്യം കിട്ടാതെ ജയിലിലടക്കാൻ പൊലീസ് മനപൂർവം ശ്രമിച്ചെന്നും ആകാശവാണിയിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ ട്രെയിൻ തടഞ്ഞു എന്ന് കുറ്റം ചുമത്തിയെന്നും സംസ്ഥാന പ്രസിസിഡന്‍റ് കെ.എം. ഷെഫ്രിന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കള്ളം എഴുതിവെച്ച റിമാൻഡ് റിപ്പോർട്ട് പിൻവലിക്കണം. കോഴിക്കോട് ടൗൺ അസി. കമ്മീഷണർ കെ.ജി. സുരേഷ് ആര്‍.എസ്.എസിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഫ്രറ്റേണിറ്റി മാർച്ചിന് നേരെ പൊലീസ് നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് കെ.ജി. സുരേഷിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ റിമാൻഡിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വസീം പിണങ്ങോട്, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻറ് ആദിൽ അലി, ജില്ല കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാത്രി കോർപറേഷൻ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് ആകാശവാണി ഗേറ്റിനു സമീപം പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർക്കുനേരെ ലാത്തിവീശിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിന്റെ ഒരുവശം ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ലബീബ് കായക്കൊടി ഉദ്ഘാടനപ്രസംഗം നിർവഹിക്കവെയാണ് വീണ്ടും പൊലീസ് ലാത്തിവീശിയതും സംഘർഷമുണ്ടായതും. സമരത്തിൽ പങ്കെടുത്ത വനിതകൾക്കുനേരെ പുരുഷ പൊലീസുകാർ അതിക്രമം നടത്തിയത് വാക്കേറ്റത്തിനിടയാക്കിയിരുന്നു.
ലാത്തിയടിയിൽ പരിക്കേറ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ഉൾപ്പെടെ പത്തോളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമരക്കാർക്കുനേരെ പൊലീസിനെ ആക്രമിച്ചു എന്നതടക്കം ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ആയിഷ മന്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.