സ്റ്റാർ ബക്സിലേക്ക് ഫ്രറ്റേണിറ്റിയുടെ ബഹിഷ്കരണാഹ്വാന സമരം
text_fieldsതിരുവനന്തപുരം: കോഴിക്കോട് സ്റ്റാർബക്സിന് മുന്നിൽ ഫ്രറ്റേണിറ്റി നടത്തിയ ബഹിഷ്കരണാഹ്വാനത്തിനെതിരെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വെള്ളയമ്പലം സ്റ്റാർബക്സ് ഔട്ട്ലെറ്റിലേക്ക് ബഹിഷ്കരണാഹ്വാന സമരം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് അംജദ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തെ അനുകൂലിക്കുന്ന സ്റ്റാർബക്സ് പോലെയുള്ള കുത്തക ഭീമന്മാരെ ബഹിഷ്കരിക്കണമെന്ന് പരിപാടിയിൽ ജില്ലാ പ്രസിഡന്‍റ് അംജദ് റഹ്മാൻ അഭിപ്രായപ്പെട്ടു.
ഇസ്രായേലിനെ പിന്തുണക്കുന്ന ബിസിനസ് ബ്രാൻഡുകൾക്കെതിരായ ശക്തമായ പ്രതിഷേധം എല്ലായിടത്തും അലയടിക്കുന്നുണ്ട്. ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിൽ ബി.ഡി.എസ് മൂവ്മെന്‍റിന്‍റെ ഭാഗമായി നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ കലാപാഹ്വാനമാക്കി ചിത്രീകരിക്കാനുള്ള പൊലീസിന്റെ നടപടിയിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ പൊതുവികാരത്തെ മനസിലാക്കാനും മാനിക്കാനും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് സാധിക്കാതെ പോകുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. ബി.ഡി.എസ് മൂവ്മെന്‍റിന്‍റെ ഭാഗമായി സ്റ്റാർ ബക്സിനെ ബഹിഷ്കരിക്കാൻ ലോകാടിസ്ഥാനത്തിൽ ആദ്യമായി തീരുമാനമെടുക്കുന്നത് സ്റ്റാർ ബക്സിന്‍റെ തന്നെ തൊഴിലാളി യൂണിയനാണ്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്‍റെ തന്നെ ലോക വേദിയായ ബി.ഡി.എസിനെ തന്നെ അപഹസിച്ച കേരള പൊലീസിന്‍റെ വംശഹത്യാനുകൂല നിലപാടിനോട് കേരള സർക്കാരും ആഭ്യന്തര വകുപ്പും പൊതു സമൂഹത്തിന് മുന്നിൽ വിശദീകരണം നൽകേണ്ടതുണ്ടെന്നും അംജദ് റഹ്മാൻ പറഞ്ഞു. അഡ്വ. അലി സവാദ്, നിഷാത്, സൈദ് ഇബ്രാഹിം, നൂർഷ, ലമീഹ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.