എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ : അനിശ്ചിതത്വം നീക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം നീക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. നിലവിലെ ടൈം ടേബിൾ പ്രകാരം മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കേണ്ടത്. അത് പ്രകാരമുള്ള മോഡൽ പരീക്ഷകൾ സംസ്ഥാനത്ത് പൂർത്തിയായതാണ്. പൊതു പരീക്ഷക്ക് വേണ്ടിയുള്ള അവസാനഘട്ട തയ്യാറെടുപ്പ് നടക്കുന്ന ഈ സമയത്തും പരീക്ഷകൾ നീട്ടി വെക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് സർക്കാർ.
ഓൺലൈനായി ആരംഭിച്ച ഈ അധ്യയന വർഷത്തെ പരീക്ഷകൾ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് നീട്ടണം എന്ന് ആദ്യ ഘട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് അതിന് ചെവി കൊടുക്കാതെയാണ് സർക്കാർ മുന്നോട്ട് പോയിരുന്നത്. പരീക്ഷ നീട്ടിവെക്കാൻ ഇപ്പോഴുണ്ടായ സർക്കാർ താൽപര്യം തെരെഞ്ഞെടുപ്പിൽ അധ്യാപകരെ രംഗത്തിറക്കാൻ ആണെന്ന ആക്ഷേപവും ശക്തമാണ്.
സർക്കാരിന്‍റെ രാഷ്ട്രീയ താൽപര്യം മൂലം പ്രയാസമനുഭവിക്കുന്നത് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. പരീക്ഷ അടുത്തിട്ടും തിയ്യതികളിൽ നിലനിൽക്കുന്ന ആശങ്ക അങ്ങേയറ്റം വിദ്യാർഥി വിരുദ്ധമാണ്. പൊതു പരീക്ഷകളിൽ നിലനിൽക്കുന്ന ആശങ്ക ഉടൻ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. അർച്ചന പ്രജിത്ത്, കെ.കെ അഷ്റഫ് , എസ്. മുജീബുറഹ്മാൻ, കെ.എം ഷെഫ്രിൻ, മഹേഷ് തോന്നയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.