വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് വീണ്ടും; സംഘം എത്തുന്നത് പല പേരുകളിൽ
text_fieldsനിരവധി സ്ത്രീകളാണ് തട്ടിപ്പിനിരയായത്
കഴക്കൂട്ടം: വായ്പാ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ജില്ലയിൽ വീണ്ടും പണം തട്ടിപ്പ്. കഴക്കൂട്ടം, കാര്യവട്ടം, ലക്ഷംവീട് കോളനിയിലെ നിരവധി സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സംസ്ഥാനത്ത് ഒട്ടാകെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘങ്ങള്‍ പല പേരുകളിലായാണ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്.
കോളനികൾ കേന്ദ്രീകരിച്ചാണ് ഓരോ സംഘങ്ങളും പണംതട്ടിയത്. തട്ടിപ്പ് സംഘങ്ങൾ എത്തിയതാകട്ടെ പല ഏജൻസികളുടെ പേരിലും. 'ശക്തി ഫൈനാൻസ്', 'വിനായക ഫൈനാൻസ്' എന്നപേരുകളിൽ എത്തിയാണ് തട്ടിപ്പുകാർ പലരുടെയും പണം അപഹരിച്ചത്.
രണ്ടുപേരും ഒരേ മാതൃകയിലാണ് വിസിറ്റിങ് കാർഡുകൾ അച്ചടിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്താൻ വന്നവർ തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് സംസാരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തിരുവള്ളൂർ, ചെങ്കൽപട്ട് എന്നീ സ്ഥലപ്പേരുകളാണ് വിലാസങ്ങളായി സൂചിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകൾ നടന്നത്.
വാട്സാപ്പിലൂടെയാണ് ഇരയായവർ ആധാർ രേഖകൾ കൈമാറിയത്. തട്ടിപ്പിനിരയായത് കൂടുതലും സ്ത്രീകളാണ്. മംഗലപുരം പള്ളിപ്പുറത്തെ അപ്പോളോ കോളനിയിൽ നിന്ന് മാത്രം ഇരുനൂറിലധികം പേരാണ് തട്ടിപ്പിനിരയായത്. പോത്തൻകോട്, പാലോട്ടുകോണം കോളനിയിലെ 21 സ്ത്രീകൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
ആരൊക്കെയാണ് തട്ടിപ്പിനു പിന്നിലെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ കഴക്കൂട്ടം, മംഗലപുരം, പോത്തൻകോട് ,ആറ്റിങ്ങൽ എന്നീ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. പണം കൈമാറിയതിെൻറ രേഖകളും പരാതിക്കാർ പൊലീസിന് നൽകി. അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ചും നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.