ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമ അറസ്റ്റിൽ. കോഴിക്കോട് ഓമശ്ശേരി സ്വദേശി കുറുവാൻ പറമ്പിൽ നൗഷാദലി ഖാനെ (40) ആണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് ടൗണിൽ ഹൈൻ ഇന്‍റർനാഷനൽ റിക്രൂട്ട്മെന്‍റ് ഏജൻസി എന്ന സ്ഥാപനത്തിന്‍റെ മറവിൽ വിദേശത്ത് ജോലി നൽകാമെന്നും വിസ നൽകാമെന്നും പറഞ്ഞ് അഞ്ചുപേരിൽ നിന്നായി 5,50,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നൗഷാദലി ഖാൻ ഒളിവിലായിരുന്നു. പിന്നീട് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എടവണ്ണ മുണ്ടേങ്ങര വെച്ചാണ് അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതി പാണ്ടിക്കാട് കക്കുളം സ്വദേശി അഹമ്മദ് മുഹ്യുദ്ധീൻ ആഷിഫ് നേരത്തെ അറസ്റ്റിലായിരുന്നു.
പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നിർദേശപ്രകാരം എസ്.ഐ സുനീഷ് കുമാറും സംഘവുമാണ് നൗഷാദലി ഖാനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, എസ്.സി.പി.ഒ ശൈലേഷ് ജോൺ, ഷമീർ, രജീഷ്, എടവണ്ണ സ്റ്റേഷനിലെ ഷബീറലി, ശശി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.