വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിെൻറ വീടിനുമുന്നിൽ പ്രതിഷേധം
text_fieldsതിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിെൻറ വീടിനുമുമ്പിൽ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം.
കടപ്ര സൈക്കിൾമുക്ക് മൂന്നാംകുരിശിന് സമീപം കിഴക്കേ തേവർകുഴിയിൽ വീട്ടിൽ അജിൻ ജോർജിെൻറ വീടിന് മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. ദുബൈയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്തിെൻറ വിവിധ ജില്ലകളിലുള്ള ഹോട്ടൽ മാനേജ്മെൻറ് ഉദ്യോഗാർഥികൾ അടക്കമുള്ളവരിൽനിന്ന് അജിൻ പണം തട്ടിയത്. അറുപതോളം പേർ അജിെൻറ തട്ടിപ്പിന് ഇരകളായതായാണ് പ്രാഥമിക നിഗമനം. ഇയാൾക്കെതിരെ പെരുമ്പാവൂർ, പുളിക്കീഴ്, ആലപ്പുഴയിലെ നെടുമുടി, കോട്ടയം കിഴക്കുംഭാഗം, തൃശൂർ പഴയന്നൂർ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ വഞ്ചനക്കുറ്റമടക്കം ചുമത്തിയ കേസുകൾ നിലനിൽക്കുന്നുണ്ട്. 50,000 രൂപ മുതൽ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പിൽ ഇരയായവരിൽ ഏറെയും.
വ്യാജ വിസ നൽകി കബളിപ്പിച്ചതായും തട്ടിപ്പിനിരയായവരിൽ പലരും പറയുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ് ഇന്നലെ രാവിലെ 11ഒാടെ തട്ടിപ്പിനിരയായവരിൽ ചിലരും ബന്ധുക്കളും അജിെൻറ വീട്ടിലെത്തിയത്. തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ വിവരങ്ങൾ സംസാരിക്കുന്നതിനിടെ ബന്ധുക്കളെ കൈയേറ്റം ചെയ്യാൻ അജിെൻറ മാതാവ് ശ്രമിച്ചു.
ഇതോടെ രംഗം വഷളായി. സംഭവമറിഞ്ഞ് പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് പ്രതിഷേധക്കാരും കുടുംബാംഗങ്ങളുമായി എസ്.ഐ ചർച്ച നടത്തി.
പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്മേൽ ശക്തമായ അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും എസ്.ഐ അനീഷ് ഉറപ്പുനൽകിയതോടെയാണ് തട്ടിപ്പിനിരയായവർ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.