ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വ്യാജ ഡോക്ടർക്കെതിരെ പരാതി പ്രവാഹം
text_fieldsകോന്നി: പലരിൽനിന്നായി കോടികൾ തട്ടിയ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന വ്യാജ ഡോക്ടർക്കെതിരെ കോന്നി അട്ടച്ചാക്കൽ സ്വദേശി കോന്നി പൊലീസിൽ പരാതി നൽകി. പത്തനാപുരം മാങ്കോട് സ്വദേശി പി.ജി. അനീഷിന് എതിരെയാണ് കോന്നി അട്ടച്ചാക്കൽ സ്വദേശി സജി പി. മാത്യു കോന്നി പരാതി നൽകിയത്. സജിയുടെ സുഹൃത്ത് മുഖേനയാണ് അനീഷിനെ ഇദ്ദേഹം പരിചയപ്പെടുന്നത്.
താൻ എയർപോർട്ടിൽ ഡോക്ടറാണെന്നും അദാനി ഗ്രൂപ് വഴി എയർപോർട്ടിൽ ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും സുഹൃത്ത് വഴി ബന്ധപ്പെട്ട് സജിയുടെ മകന് ജോലി നൽകാമെന്ന് അനീഷ് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഡോക്ടറുടെ വേഷത്തിൽ അനീഷ് സജിയുടെ അട്ടച്ചാക്കലെ വീട്ടിൽ എത്തുകയും താൻ ഡോക്ടർ ആണെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുയും ചെയ്തു. സജിയുടെ മകനെ മാത്രമല്ല മറ്റ് നിരവധി ആളുകളെ ഇവിടെ ജോലിക്ക് ആവശ്യം ഉണ്ടെന്നും എത്ര ആളുകളെ കൊണ്ടുവന്നാലും ജോലി നൽകാമെന്നും പ്രതി സജിയെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ഇതേ തുടർന്ന് ഇവർവഴി പരിചയപ്പെട്ട എഴുപത്തിരണ്ടോളം ഉദ്യോഗാർഥകളിൽനിന്നും പ്രതി പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തു. 1.92 കോടി രൂപ സജി പി. മാത്യു വഴി ഇയാൾ തട്ടിയെടുത്തു. സംഭവം തട്ടിപ്പാണെന്ന് അറിഞ്ഞതോടെ അട്ടച്ചാക്കൽ സ്വദേശിയായ പരാതിക്കാരനും വെട്ടിലായി. രണ്ട് വർഷമായി ഈ തട്ടിപ്പ് തുടങ്ങിയിട്ട്. രണ്ട് വർഷമായി ഇയാൾ നിരന്തരം ഇവരെ ബന്ധപ്പെടുകയും എയർപോർട്ട് നമ്പറിൽനിന്നാണെന്ന് പറഞ്ഞ് സ്ത്രീകൾ അടക്കം പരാതിക്കാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, പണം നൽകിയവർക്ക് രണ്ട് വർഷമായി ജോലി ലഭിക്കാതെ വന്നതോടെ ഇവർ ബന്ധപ്പെട്ടപ്പോൾ കോവിഡ് പ്രതിസന്ധിയാണ് ജോലി വൈകുന്നതിന് പിന്നിലെന്നും പ്രതി പരാതിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തി.സജി ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ നിരവധി നാട്ടുകാർ അവിടെ ഉണ്ടായിരുന്നു. വിഷയം അന്വേഷിച്ചപ്പോൾ 108 പേരുടെ ആധാരം പണയപ്പെടുത്തി പണം നൽകാമെന്ന് പറഞ്ഞും ഇയാൾ സമാനമായ തട്ടിപ്പ് നടത്തി. പ്രതിയുടെ ഭാര്യ ശുഭയും അന്നമ്മ ജോസ് എന്ന മറ്റൊരു സ്ത്രീയും കൂടെയുണ്ടെന്നും അന്വേഷണത്തിൽ ബോധ്യമായി. കൂടാതെ സജിയുടേത് അടക്കം നിരവധി കാറുകളും പ്രതി കൈക്കലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.