ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsചാരുംമൂട്: ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ആസ്ട്രേലിയയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരായി ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാൽപതിൽപരം ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോയമ്പത്തൂർ, രത്തിനപുരി ഗാന്ധിജി റോഡിൽ ശ്രീറാം ശങ്കരി അപ്പാർട്ട്മെന്റിൽ ആഷ്ടൺ മൊണ്ടീറോ എന്ന ആർ. മധുസൂദനനെയാണ് (42) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹീമിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽ ഒ.ഇ.ടി ക്ലാസുകൾ എടുത്തിരുന്ന മധുസൂദനൻ 2023ലാണ് തട്ടിപ്പ് ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് നിരവധി യുവാക്കളും യുവതികളും ജോലിക്കായി ബയോഡേറ്റ സമർപ്പിച്ചു. ഇയാളുടെ കൂട്ടാളികൾ ഇവരെ ബന്ധപ്പെട്ട് ആകർഷകമായ ജോലിയും ശമ്പളവും ആസ്ട്രേലിയയിൽ സ്ഥിരം വിസയും വാഗ്ദാനം ചെയ്തു. ഇതിനിടയിൽ മധുസൂദനൻ കമ്പനി പ്രതിനിധി എന്ന ഭാവേന ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി. തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഇൻറർവ്യൂ നടന്നു. ആഷ്ടൺ മൊണ്ടീറോ എന്ന ആസ്ട്രേലിയൻ പൗരൻ എന്നുപറഞ്ഞാണ് മധുസൂദനൻ ഉദ്യോഗാർഥികളെ പരിചയപ്പെട്ടത്.
വിസ പ്രോസസിങ്ങിന് ഇയാൾ ആവശ്യപ്പെട്ടതുപ്രകാരം ഏഴുലക്ഷം രൂപ വീതം സംഘം നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയശേഷം ഈ സംഘം അപ്രത്യക്ഷരാകുകയായിരുന്നു.
പണം നഷ്ടപ്പെട്ട ഉദ്യോഗാർഥികളുടെ പരാതികളിൽ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശൂർ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ. എൻ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരു ഉദയനഗറിൽനിന്ന് വ്യാഴാഴ്ച അറസ്റ്റ്ചെയ്തത്.
ഇയാളുടെ കൈയിൽനിന്ന് തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ വ്യത്യസ്ത വിലാസങ്ങളിൽ ഉള്ള മധുസൂദനൻ എന്ന പേരിൽ മൂന്ന് ആധാർകാർഡും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. മലയാളിയായ ഇയാൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. 15 ഭാഷ വശമുണ്ട്. രണ്ടുമാസമായി ബംഗളൂരുവിൽ ഒ.ഇ.ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു. ഇവിടെ യു.കെ, അയർലൻഡ് എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ആളായി ചമഞ്ഞ് തട്ടിപ്പുനടത്താൻ ഒരുങ്ങവെയാണ് പൊലീസ് പിടിയിലായത്.
മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി - രണ്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, ആർ.ബിജുരാജ്, പി. പ്രവീൺ, എച്ച്.സിജു, വി.വി. ഗിരീഷ് ലാൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.