വന്‍തുക വായ്പ നല്‍കാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങള്‍ തട്ടി; നാലുപേർ അറസ്റ്റിൽ
text_fieldsതാനൂർ (മലപ്പുറം): വന്‍തുക ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്കി കേരളത്തിലുടനീളം ലക്ഷങ്ങള്‍ തട്ടിയ നാലുപേരെ ബംഗളൂരുവില്‍നിന്ന് പിടികൂടി. കോട്ടയം സ്വദേശി പലമാറ്റം വീട്ടിൽ മുത്തു സരുണ്‍ (32), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് സ്വദേശി പുതില്ലത്തുമാടം വീട്ടിൽ രാഹുല്‍ (24), പത്തനംതിട്ട റാന്നി മക്കപ്പുഴ മണ്ണാന്‍ മാരുതി സ്വദേശി കാഞ്ഞിരത്തമലയിൽ ജിബിന്‍ (28), തമിഴ്നാട് ശ്രീ വിളിപുത്തൂർ വിരുദ്ധുനഗർ സ്വദേശി വീരകുമാര്‍ (33) എന്നിവരെയാണ് താനൂര്‍ ഡിവൈ.എസ്.പി എം.ഐ. ഷാജിയും സംഘവും പിടികൂടിയത്.
താനൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബിസിനസിനായി ഒന്നര കോടി രൂപ ആവശ്യപ്പെട്ട പരാതിക്കാരനോട്, ഇതിന് 25,000 രൂപയുടെ 27 മുദ്രപത്രം വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് എല്ലായിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
ബംഗളൂരുവിലെ സ്റ്റാമ്പ് വെണ്ടേഴ്സിെൻറ അടുത്തുണ്ടെന്ന് സംഘം അറിയിച്ചതിനെ തുടര്‍ന്ന് 6,75,000 രൂപയും പ്രോസസിങ് ഫീസ് ആയി 1,86,500 രൂപയും അയച്ചുകൊടുത്തു. ഇതിനു ശേഷം ഫോൺ സ്വിച്ച് ഓഫാക്കി സംഘം മുങ്ങുകയായിരുന്നു. പാലക്കാട്, കളമശ്ശേരി എന്നിവിടങ്ങളിലും ഇത്തരത്തിൽ പണം തട്ടിയ കേസ് നിലവിലുണ്ട്.
പ്രതികളില്‍നിന്ന് 16 എ.ടി.എം കാര്‍ഡ്, 15 മൊബൈല്‍ ഫോൺ, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകള്‍ എന്നിവയും കണ്ടെടുത്തു. ഇവരുപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തു. ബത്ലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേല്‍വിലാസത്തിലായിരുന്നു തട്ടിപ്പ്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് പ്രതികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ബാങ്ക് വായ്പ നല്‍കാമെന്ന് ഫോണില്‍ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്.
പത്രങ്ങളിൽ പരസ്യം നൽകിയും തട്ടിപ്പ് നടത്തുന്ന സംഘം പ്രോസസിങ് ഫീസ്, മുദ്രപത്രം, സര്‍വിസ് ചാര്‍ജ് ഇനങ്ങളില്‍ ഒന്നര ലക്ഷം രൂപയോളം മുന്‍കൂറായി കൈക്കലാക്കും. തുടര്‍ന്ന് ഫോൺ നമ്പര്‍ ബ്ലോക്ക് ചെയ്ത് മുങ്ങുന്നതാണ് രീതി. എസ്.ഐമാരായ രാജു, എന്‍. ശ്രീജിത്ത്, എസ്.സി.പി.ഒ സലേഷ്, സി.പി.ഒമാരായ ജിനേഷ്, രാജേഷ്, അഖില്‍, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.