തട്ടിപ്പ് കേസ്: സ്റ്റേഷനിൽ ഹാജരായ അവതാർ ജ്വല്ലറി ഉടമ രക്ഷപ്പെട്ടു
text_fieldsചാവക്കാട്: തട്ടിപ്പ് കേസിൽ സ്റ്റേഷനിൽ ഹാജരായ അവതാർ ജ്വല്ലറി ഉടമ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. അവതാർ ജ്വല്ലറി ഉടമ തൃത്താല ഊരത്തൊടിയിൽ അബ്ദുല്ലയാണ് (57) ചാവക്കാട് പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി കാറിൽ രക്ഷപ്പെട്ടത്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചാവക്കാട് സ്റ്റേഷനിൽ അവതാർ ജ്വല്ലറിക്കെതിരായ പതിനഞ്ചോളം കേസുകളിൽ പ്രതിയായ അബ്ദുല്ല തൃശൂർ ജില്ല കോടതിയിൽനിന്ന് മൂൻകൂർ ജാമ്യം നേടിയിരുന്നു. ചാവക്കാട് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് എസ്.എച്ച്.ഒ അനിൽ ടി. മേപ്പിള്ളിയുടെ ഓഫിസിലെത്തിയത്. പ്രതിക്കെതിരായ കേസുകളുടെ ഫയൽ പരിശോധിച്ച പൊലീസ് സമീപ സ്റ്റേഷനുകളിൽ പരാതികളുണ്ടോയെന്നന്വേഷിച്ചിരുന്നു.
കുന്നംകുളം സ്റ്റേഷനിൽ വാറൻറ് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് എത്തുന്നത് കാത്ത് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് സി.പി.ഒമാരുടെ കൂടെ പറഞ്ഞയക്കുന്നതിനിടയിലാണ് അവരെ തള്ളിമാറ്റി റോഡിലേക്ക് ഓടിയത്. ഈ സമയം അബ്ദുല്ല സ്റ്റേഷനിൽ എത്തിയ കാർ പുറത്ത് കാത്തുനിന്നിരുന്നു.
സ്റ്റേഷനിൽനിന്ന് അമ്പതോളം മീറ്റർ അകലെ വടക്കേ ബൈപാസ് ഭാഗത്തേക്ക് ഓടിയ അബ്ദുല്ലയെ പൊലീസുകാരായ നന്ദനും ശരത്തും പിന്തുടർന്നു. പിടിക്കുമെന്നായപ്പോൾ പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി. ഇതിനിടയിൽ അബ്ദുല്ല കാറിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.