മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച തുകക്ക് കമീഷൻ വാങ്ങിയയാൾ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: വര്‍ഷങ്ങളായി കിടപ്പിലായ കുടുംബനാഥന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച ചികിത്സാസഹായ തുകയില്‍നിന്ന് കമീഷന്‍ തട്ടിയെടുത്തയാള്‍ പൊലീസ് പിടിയിലായി. കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി. ഉണ്ണിക്കൃഷ്ണനെയാണ് (50) തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും സംഘവും പിടികൂടിയത്. ജെയിംസ് മാത്യു എം.എൽ.എയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പാറക്കാടിയിൽവെച്ച് ഉണ്ണിക്കൃഷ്ണനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സുലേഖ മന്‍സില്‍ എ.വി. സിറാജുദ്ദീൻ ഇതുസംബന്ധിച്ച് എം.എല്‍.എക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
സിറാജുദ്ദീെൻറ സഹോദരന്‍ കാഞ്ഞിരങ്ങാട്ടെ എ.വി. യഹിയ ജെയിംസ് മാത്യു എം.എൽ.എ മുഖേന നല്‍കിയ അപേക്ഷയെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരുലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചിരുന്നു. വിവരം ഉണ്ണിക്കൃഷ്ണൻ യഹിയയുടെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. താനിടപെട്ടാണ് സഹായം അനുവദിച്ചതെന്നും അതുകൊണ്ട് കമീഷനായി 10,000 രൂപ വേണമെന്നും ഉണ്ണിക്കൃഷ്ണന്‍ ഇവരോട് ആവശ്യപ്പെട്ടു. വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലിചെയ്യാനാവാതെ വര്‍ഷങ്ങളായി കിടപ്പിലായ യഹിയ, 1000 രൂപ ഉണ്ണിക്കൃഷ്ണന് കൊടുത്തെങ്കിലും ബാക്കി കൂടി തന്നില്ലെങ്കിൽ അനര്‍ഹനാണെന്ന് പറഞ്ഞ് സഹായം പിന്‍വലിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തുടര്‍ന്ന് ചെക്ക് മാറിയശേഷം 8000 രൂപകൂടി നൽകിയെങ്കിലും 1000 രൂപകൂടി ആവശ്യപ്പെട്ട് വീണ്ടും ഉണ്ണിക്കൃഷ്ണന്‍ ശല്യം ചെയ്തതിനെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ എം.എൽ.എയെ വിവരമറിയിച്ചത്.
ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ താലൂക്ക് ഓഫിസില്‍നിന്നാണ് ആനുകൂല്യത്തിന് അര്‍ഹരായവരുടെ വിവരങ്ങൾ ഇയാൾക്ക് ലഭിക്കുന്നതെന്ന് വ്യക്തമായി. ഈ പട്ടികയിലെ വിലാസമനുസരിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ ഒാരോ വീടുകളിലുമെത്തി തട്ടിപ്പ് നടത്തുന്നത്. നിരവധിയാളുകളില്‍നിന്ന് ഈ മാര്‍ഗമുപയോഗിച്ച് പണം തട്ടിയതായി ഉണ്ണിക്കൃഷ്ണന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ സ്‌പെഷല്‍ സ്‌ക്വാഡംഗങ്ങളായ സീനിയര്‍ സി.പി.ഒ കെ.വി. രമേശൻ, സി.പി.ഒമാരായ സുരേഷ് കക്കറ, പ്രിയേഷ്, മുനീര്‍ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.