ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ തടങ്കലിൽ പാർപ്പിച്ചു; രണ്ടാം പ്രതി പിടിയിൽ
text_fieldsഅടൂർ: ദുബൈ ഇൻറർനാഷനൽ ഹോട്ടലിൽ 25,000 രൂപ ശമ്പളത്തിൽ ശുചീകരണ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി ഷാർജയിലെത്തിച്ച് സ്ത്രീയെ തടങ്കലിൽ പാർപ്പിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. നൂറനാട് പാലമേൽ മറ്റപ്പള്ളിൽ സുമേഷ് ഭവനിൽ സുരേഷിനെയാണ് (40) ഏനാത്ത് എസ്.ഐ ഗോപെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കോഴിക്കോട് സ്വദേശി ശിവമുരളി ഒളിവിലാണ്.
കുറുമ്പുകര തടത്തിൽ മേലേതിൽ സൂര്യയുടെ (23) പരാതിയിലാണ് അറസ്റ്റ്. സൂര്യയുടെ മാതാവ് അമ്പിളിക്കാണ് (46) ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വിസ തരപ്പെടുത്തിക്കൊടുത്ത ആളാണ് സുരേഷ്. നവംബർ 17ന് അമ്പിളിയെ സുരേഷ് കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ശിവമുരളിക്ക് 40,000 രൂപ വാങ്ങി നൽകി. കമീഷൻ ഇനത്തിൽ സുരേഷ് 10,000 രൂപയും കൈപ്പറ്റി.
തുടർന്ന് ശിവമുരളിയുടെ ഒപ്പം അമ്പിളിയെ ട്രെയിനിൽ കയറ്റിവിടുകയും കോഴിക്കോട്ടുനിന്ന് മുംബൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കൊണ്ടുപോയി. ദുബൈയിലെ ഓഫിസിൽ മതിയായ ഭക്ഷണവും മറ്റ് സൗകര്യവും നൽകാതെ ഒരു മാസം ജോലികൾ ചെയ്യിപ്പിച്ചു. ശേഷം ഒരു മാസത്തോളം ഷാർജയിലെ മറ്റൊരു ഓഫിസിലേക്കും തുടർന്ന് ഒമാനിലെ പല വീടുകളിലും ശമ്പളം നൽകാതെ ജോലി എടുപ്പിച്ചു. ബുധനാഴ്ച നൂറനാട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.